തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പുതിയ ബമ്പർ പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്. ഈ വർഷത്തെ പൂജാ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം മന്ത്രി കെഎൻ ബാലഗോപാൽ നിർവഹിച്ചു. കഴിഞ്ഞ വർഷം മുതൽ ബമ്പർ സമ്മാനത്തുകകളിൽ വൻ വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷം 10 കോടി ആയിരുന്ന പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ഇത്തവണ 12 കോടിയാണ്.
ടിക്കറ്റ് വിലയിലും വർദ്ധനവ് ഉണ്ട്. 300 രൂപയാണ് ഇത്തവണ പൂജാ ബമ്പർ ടിക്കറ്റ് വില. കഴിഞ്ഞ വർഷം ഇത് 250 രൂപ ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം നാല് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ(ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്), മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം(ഒരു പരമ്പര). അഞ്ചാം സമ്മാനം 2 ലക്ഷം. കൂടാതെ 5000,1000,500,300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. നവംബര്‍ 22ന് നറുക്കെടുപ്പ് നടക്കും. നിലവിൽ ആറ് ബമ്പർ ടിക്കറ്റുകളാണ് കേരള ലോട്ടറിയ്ക്ക് ഉള്ളത്. ക്രിസ്മസ്- പുതുവത്സര ബമ്പർ, സമ്മർ ബമ്പർ, വിഷു ബമ്പർ, മൺസൂൺ ബമ്പർ, തിരുവോണം ബമ്പർ, പൂജാ ബമ്പർ എന്നിവയാണ് അവ. കഴിഞ്ഞ വർഷം 16 കോടി ആയിരുന്നു ക്രിസ്മസ് ബമ്പറിന്റെ ഒന്നാം സമ്മാനം. ഇത്തവണ അതിൽ മാറ്റം വരുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സമ്മർ, മൺസൂൺ ബമ്പറുകൾ 10കോടി, വിഷു 12, ഓണം ബമ്പർ 25 കോടി എന്നിവയാണ് മറ്റ് ബമ്പറുകളുടെ ഒന്നാം സമ്മാനം.
Post a Comment