നിപയ്ക്ക് പിന്നാലെ ഡെങ്കിയും; കോഴിക്കോട് ജില്ലയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഒരു മരണം



കോഴിക്കോട്: നിപ വൈറസ് ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് മുക്തമായി വരുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശങ്കയായി ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ 32 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെയാണ് ആശങ്ക വര്‍ധിച്ചിരിക്കുന്നത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഡെങ്കി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈഡിസ് ഈജിപ്തി ഇനത്തില്‍ പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ടാണ് ഇവ വളരുന്നത്. അതിനാല്‍ റഫ്രിജറേറ്ററിനു പിറകിലെ ട്രേ, ചെടിച്ചട്ടികള്‍, ചിരട്ടകള്‍, ടാര്‍പോളിന്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങള്‍ തുടങ്ങിയവയിലെല്ലാം കെട്ടിനില്‍ക്കുന്ന നല്ല വെള്ളത്തില്‍ മുട്ടയിട്ട് ഇത്തരം കൊതുകുകള്‍ വളരാനുള്ള സാധ്യത ഏറെയാണ്.

നമുക്കും പ്രതിരോധിക്കാം
നിസാരമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കും ഡെങ്കിപ്പനിയെ പ്രതിരോധിക്കാം.

അവ എന്തെല്ലാമാണെന്ന് നോക്കാം.

വീട്ടിലും പരിസരത്തും ശുദ്ധജലം ഉള്‍പ്പെടെ കെട്ടിനില്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ജല സംഭരണികള്‍ നന്നായി അടയ്ക്കണം. കിണര്‍ കൊതുകുവല ഉപയോഗിച്ച് മൂടുന്നതും ഏറെ നല്ലതാണ്. രോഗം ബാധിച്ചയാളെ കടിക്കുന്ന കൊതുകു മറ്റുള്ളവരെ കടിക്കുമ്പോഴാണ് രോഗം പടരുന്നത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഡ്രൈഡേ ആചരിക്കണം. പനിയോടൊപ്പം ശക്തമായ ശരീരവേദന, (പ്രധാനമായും സന്ധിവേദന), തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.



0/Post a Comment/Comments