ഡൽഹി പൊലീസിൽ 7547 കോൺസ്റ്റബിൾ ഒഴിവുകൾ


ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. 7547 ഒഴിവുകളുണ്ട്. സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ശമ്പള നിരക്ക്: പേ ലെവൽ-3, 21700 - 69100 രൂപ. 

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം. പുരുഷ ഉദ്യോഗാർഥികൾ കായിക ക്ഷമതാ പരീക്ഷാ വേളയിൽ നിലവിലുള്ള എൽഎംവി (ഇരുചക്ര വാഹനവും കാറും) ലൈസൻസ് ഹാജരാക്കേണ്ടി വരും.

പ്രായം: 18-25. എസ്‌സി / എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായ പരിധിയിൽ ഇളവുണ്ട്. വിമുക്‌ത ഭടന്മാർക്കും ഡിപ്പാർട്മെന്റൽ ജീവനക്കാർക്കും ഇളവ് ചട്ടപ്രകാരം. മറ്റു യോഗ്യരായവർക്കും നിയമാനുസൃത ഇളവ് ലഭിക്കും. ഇളവുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. 2023 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ശാരീരിക യോഗ്യതാ പരിശോധന, വൈദ്യ പരിശോധന എന്നിവ മുഖേന. 2023 ഡിസംബറിലാകും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്. ഒരേ റീജന് കീഴിൽ മുൻഗണനാ ക്രമത്തിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

അപേക്ഷാ ഫീസ്: 100 രൂപ. സ്‌ത്രീകൾക്കും എസ്‌സി / എസ്ടി വിഭാഗക്കാർക്കും വിമുക്‌ത ഭടന്മാർക്കും ഫീസില്ല. 

അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. 


0/Post a Comment/Comments