കേരളത്തിന് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ച്, കിഫ്‌ബി ഫണ്ടിൽനിന്ന് 55.42 കോടി രൂപ ചെലവഴിച്ച് നാവിഗേഷൻ ലോക്കോടെ നിർമ്മിച്ച പാറപ്രം റഗുലേറ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന് നികുതി വരുമാനം വലിയ തോതിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ കേന്ദ്ര സർക്കാരിന്റെ കയ്യിലെത്തുന്ന പണം സംസ്ഥാനങ്ങൾക്ക് ജനസംഖ്യക്ക് അനുസരിച്ച് വീതിച്ച് നൽകണം. എന്നാൽ കേരളത്തിന് ലഭിച്ച 3.8 ശതമാനം വിഹിതം കേന്ദ്രം 1.9 ശതമാനമായി കുറച്ചു. ഇത് വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാവുകയാണ്. ഇത് പരിഹരിക്കാൻ കിഫ്ബിയിൽ നിന്നും പണം കണണ്ടെത്തി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ കിഫ്ബി ഫണ്ട് സംസ്ഥാനത്തിന്റെ വായ്പ തുകയായി കണക്കാക്കുമെന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്.
ഇതേ സമയം നാഷണൽ ഹൈവേ അതോറിറ്റിയുടെ വായ്പ കേന്ദ്രത്തിന്റെ വായ്പ തുകയായി കണക്കാക്കുന്നുമില്ല. ഇതിലൂടെ കേരളത്തോട് കാണിക്കുന്ന ഇരട്ടത്താപ്പാണ് വ്യക്തമാകുന്ന നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. തുരുത്തുകൾ നിറഞ്ഞ പാറപ്രം ഭാഗം ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര വർഷം കൊണ്ട് 18 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ കൂടി കുടിവെള്ളം എത്തിച്ചു. കണ്ണൂർ ജില്ലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ടെണ്ടർ പൂർത്തിയായി.
നവംബറോടെ ധർമ്മടം സമ്പൂർണ്ണമായി കുടിവെള്ളം ലഭ്യമാകുന്ന മണ്ഡലമാകുമെന്നും മന്ത്രി അറിയിച്ചു.
ഡോ. വി ശിവദാസൻ എം പി മുഖ്യാതിഥിയായി . കെ ഐ ഐ ഡി സി ജനറൽ മാനേജർ ജോസഫ് സ്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കോങ്കി രവീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, തലശ്ശേരി ബ്ലോക്ക് അംഗം സി എം സജിത, പഞ്ചായത്ത് അംഗങ്ങളായ കെ പ്രവീണ, രഘുനാഥ്, കെ ഐ ഐ ഡി സി സിഇഒ എസ് തിലകൻ, മൈനർ ഇറിഗേഷൻ എക്സി. എഞ്ചിനീയർ ഗോപകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Post a Comment