കൊല്ലം: മരുന്നു നിറയ്ക്കാതെ പിഞ്ചുകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പെടുത്ത സംഭവത്തിൽ രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ. കൊല്ലം കുണ്ടറയിൽ പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സുമാരായ എസ്.ഷീബ, ഡി.ലൂർദ് എന്നിവരെയാണ് ജില്ല മെഡിക്കൽ ഓഫിസർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
വെള്ളിമൺ വത്സല മന്ദിരം വിഷ്ണു പ്രസാദിന്റെയും ശ്രീലക്ഷ്മിയുടെയും മകൾ 75 ദിവസം പ്രായമായ ശ്രീനികയാണ് നഴ്സുമാരുടെ അശ്രദ്ധയ്ക്ക് ഇരയായത്. കുഞ്ഞിനു രണ്ടര മാസത്തിൽ എടുക്കുന്ന ഐപിവി, പെന്റാവാലന്റ്, വിസിവി എന്നീ പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നത്.
ശ്രീലക്ഷ്മി കുഞ്ഞുമായി ഇൻജക്‌ഷൻ മുറിയിൽ കയറുകയും നഴ്സ് ഷീബ കുത്തിവയ്പ് എടുക്കുകയും ചെയ്തു. സിറിഞ്ചിൽ മരുന്ന് ഇല്ലെന്നു ശ്രീലക്ഷ്മിയാണ് കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോൾ തെറ്റു പറ്റിയെന്നു പറഞ്ഞ് വീണ്ടും ഷീബ ഇൻജക്‌ഷൻ എടുക്കാൻ തുടങ്ങിയപ്പോൾ ശ്രീലക്ഷ്മി തടഞ്ഞു. തുടർന്ന് മെഡിക്കൽ ഓഫിസർക്കു പരാതി നൽകുകയും ചെയ്തു.
Post a Comment