വരൾച്ച പ്രതിരോധം: തദ്ദേശസ്ഥാപനങ്ങൾ താൽക്കാലിക തടയണകൾ നിർമ്മിക്കണംകണ്ണൂർ: വരൾച്ച പ്രതിരോധിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പ്രാദേശികതലത്തിൽ താൽക്കാലിക തടയണകൾ നിർമ്മിച്ച് ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു. ഏതൊക്കെ ഇടങ്ങളിൽ തടയണകൾ നിർമ്മിക്കാൻ സാധിക്കുമെന്ന വിവരങ്ങളടങ്ങിയ പ്രൊപോസൽ തദ്ദേശസ്ഥാപനങ്ങൾ ജലസേചന വകുപ്പിൽ സമർപ്പിക്കണം. 

മാവോയിസ്റ്റ് സാന്നിധ്യമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകി. ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ജലഅതോറിറ്റി സമയബന്ധിതമായി പൂർത്തീകരിക്കണം. 

വിവിധ തദ്ദേശസ്ഥാപനങ്ങൾ പരാതികൾ യോഗത്തിൽ ഉന്നയിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ ആരോഗ്യ ഗ്രാന്റ് പ്രൊജക്റ്റുകൾക്ക് യോഗം അംഗീകാരം നൽകി. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിലയിരുത്തി. യൂസർഫീ ശേഖരണത്തിൽ 90- 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്ഥാപനങ്ങളെ അഭിനന്ദിച്ചു.

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഷീ-ഹെൽത്ത് ക്യാമ്പയിനുമായി തദ്ദേശ സ്ഥാപനങ്ങൾ സഹകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
കൂത്തുപറമ്പ് നഗരസഭയുടെ കരട് മാസ്റ്റർപ്ലാൻ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി അംഗീകരിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളിലെ ഉച്ചഭക്ഷണ വില പുനർനിർണയത്തിനും മേൽനോട്ടത്തിനുമായി ഉപസമിതി രൂപീകരിക്കും. മറ്റൊരു തീരുമാനം വരെ നിലവിലെ വിലനിലവാരം തുടരും.

ഡി പി സി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മേയർ അഡ്വ. ടി ഒ മോഹനൻ, ഡി പി സി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. കെ കെ രത്‌നകുമാരി, വി ഗീത, കെ താഹിറ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments