ലോണ്‍ ആപ്പ് തട്ടിപ്പിനിരയായോ? വാട്ട്‌സാപ്പ് നമ്പർ വഴിയും പരാതി നല്‍കാം


കൊച്ചി: അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്‌ആപ്പ് നമ്ബര്‍ സംവിധാനം നിലവില്‍ വന്നു.

94 97 98 09 00 എന്ന നമ്ബറില്‍ 24 മണിക്കൂറും പൊലീസിനെ വാട്ട്സ്‌ആപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച്‌ സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച്‌ വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.

ഒരിടവേളക്ക് ശേഷമാണ് ഓണ്‍ലൈന്‍ ലിങ്ക് വഴിയും മറ്റും ഓണ്‍ലൈന്‍ തട്ടിപ്പ് രംഗത്തെ വ്യാജ ഇന്‍സ്റ്റന്റ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമായത്. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകളാണ് പുറത്തുവരുന്നത്. വന്‍തുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്‌നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.

ഇത്തരം ഇരകള്‍ നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലില്‍ (http://www.cybercrime.gov.in) പരാതി അറിയിക്കാനും പൊലീസ് നിര്‍ദേശിക്കുന്നുണ്ട്. പരാതികള്‍ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്ബര്‍ മുഖേനയും അറിയിക്കാം.




*

0/Post a Comment/Comments