തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കണ്ണൂർ ഗവ. റസ്റ്റ് ഹൗസിൽ നടന്ന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ തൊഴിൽ ചൂഷണം രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിച്ച് അനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടുകയാണ്. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകും.
ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ യുവാക്കൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നുണ്ട്. യുവാക്കളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതി ആവിഷ്‌കരിക്കും. കഴിഞ്ഞ ആറ് വർഷം സംസ്ഥാനത്ത് നിന്നും ആത്മഹത്യ ചെയ്ത 1000 പേരുടെ കേസുകൾ പഠിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക.
ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രദേശികമായും കോളേജുകളിലുമാണ് ക്യാമ്പയിൻ നടത്തുക. ഗ്രീൻ സോൺ പദ്ധതി, യുവകർഷക സംഗമം, ദേശീയ സെമിനാർ, ആരോഗ്യ ക്യാമ്പ്, ജോബ് ഫെയർ തുടങ്ങിയവയും സംഘടിപ്പിക്കും.
തൊഴിൽ ചൂഷണം, ക്വാറിയുടെ പാരിസ്ഥിതിക അനുമതി, പി എസ് സി നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്.
ലഭിച്ച 20 പരാതികളിൽ എട്ടെണ്ണം തീർപ്പാക്കി. 10 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. നാലെണ്ണം പുതുതായി സ്വീകരിച്ചു. അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ കെ പി ഷജീറ, റെനീഷ് മാത്യു, കെ കെ വിദ്യ, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, ലീഗൽ അഡൈ്വസർ ആർ എസ് ബാലമുരളി, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.
Post a Comment