റേഷൻ വെട്ടിപ്പിന് 'ത്രാസ് പൂട്ട്',​ ലോഡ് ഇറക്കുന്നതും ഇ-പോസ് നിരീക്ഷണത്തിൽ ,​ ഓരോ ചാക്കും റേഷൻകടയ്ക്ക് തൂക്കിയെടുക്കാം



.അളവിലും തൂക്കത്തിലും നടത്തുന്ന തിരിമറികൾക്ക് വിലങ്ങിടാൻ റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളെ ത്രാസുമായി ബന്ധിപ്പിക്കാൻ സർക്കാർ പദ്ധതി. ഗോഡൗണിൽ നിന്ന് റേഷൻ കടയിലെത്തിക്കുന്ന ഓരാേ ചാക്ക് സാധനവും തൂക്കിനോക്കി അളവ് രേഖപ്പെടുത്തുക എന്നതാണ് പ്രധാന ക്രമീകരണം. ഇതോടെ കരിഞ്ചന്തയും നിലയ്ക്കുമെന്നാണ് ഭക്ഷ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.


പദ്ധതി നവംബർ ഒന്നു മുതൽ ആരംഭിക്കാനാണ് തീരുമാനം. കേന്ദ്ര സഹായവും തേടിയിട്ടുണ്ട്. 60 കിലോഗ്രാം തൂക്കാൻ ശേഷിയുള്ള ത്രാസാണ് ഇ പോസുമായി ബന്ധിപ്പിക്കുന്നത്. റേഷൻ കടക്കാർക്ക് സൗജന്യമായിട്ടായിരിക്കും ത്രാസും അനുബന്ധ ഉപകരണങ്ങളും നൽകുക.30 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ പകുതിത്തുക കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു.കേന്ദ്ര ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി ഈ മാസം ആറിന് നടന്ന ചർച്ചയിൽ മന്ത്രി ജി.ആർ.അനിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസ‌ർക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടാണ് റേഷൻ കടകളിൽ ഇ പോസ് മെഷീനകൾ സ്ഥാപിച്ചത്.അതുകൊണ്ടാണ് ഇക്കാര്യത്തിലും സഹായം തേടുന്നത്.

*കരിഞ്ചന്തയും പരിഹാരവും*

1. ഇ-പോസിൽ മുഴുവൻ വിഹിതവും രേഖപ്പെടുത്തിയാലും അതു മുഴുവൻ ചില കടക്കാർ കൊടുക്കാറില്ല. ഗുണഭോക്താവ് അറിയാറുമില്ല. ഇങ്ങനെ വെട്ടുന്ന അരി കരിഞ്ചന്തയിലേക്ക് എത്തും. ഇങ്ങനെ അരികടത്തിയതിന് നിരവധി കേസുകളുണ്ട്

*പരിഹാരം*

ഇ-പോസ് ത്രാസുമായി ബന്ധിപ്പിക്കുന്നതോടെ ഗുണഭോക്താവിന് എത്ര അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവ നൽകിയെന്ന് തൂക്കുന്നതിനുസരിച്ച് സർവറിൽ എത്തും. പിന്നീട് epos.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരം ലഭ്യമാകും

2. എൻ.എഫ്.എസ്.എ ഗോ‌ഡൗണുകളിൽ നിന്നാണ് അരി റേഷൻകടകളിൽ എത്തിക്കുന്നത്. കടകളിൽ അരി തൂക്കി എടുക്കാനുളള സംവിധാനം ഇല്ല. ഇതു മുതലാക്കി ഗോഡൗണുകൾ കേന്ദ്രീകരിച്ചും മറ്റും റേഷൻ ധാന്യം വെട്ടിക്കാറുണ്ട്. ഇ-പോസുമായി ബന്ധിപ്പിച്ചുള്ള ത്രാസ് വഴി റേഷൻകടകളിൽ എത്തിക്കുന്ന ധാന്യം തൂക്കി എടുക്കുന്നതോടെ കൃത്യമായ കണക്ക് രേഖയിലുണ്ടാകും.

*കടത്തുവഴി*

എഫ്.സി.ഐ ഗോഡൗണുകളിൽ എത്തുന്ന ഒരു ലോഡിൽ 206 ചാക്ക് ധാന്യമുണ്ടാകും. ആറെണ്ണം ആകെയുള്ള ചാക്കിന്റെ തൂക്കം ക്രമീകരിക്കാനാണ്. 50കിലോ വീതമുള്ള ഈ ആറു ചാക്കും ഗോഡൗണിൽ നിന്ന് മാറ്റും. ഇങ്ങനെ 300 കിലോ അരി കടത്തും. കൂടാതെ ഓരോ ചാക്കും ഹുക്കുപയോഗിച്ച് കുത്തിപ്പിടിച്ച് എടുക്കുമ്പോൾ മൂന്നു മുതൽ അഞ്ച് കിലോഗ്രാം വരെ അരി ചോർത്തും. മൂന്നു കിലോഗ്രാം വീതം ചോർത്തുമ്പോൾ തന്നെ 200 ചാക്കിൽ നിന്ന് 600 കിലോഗ്രാം അരി ലഭിക്കും. അങ്ങനെ ഒരു ലോഡിൽ നിന്ന് മാത്രം വകമാറ്റുന്നത് 900 കിലോഗ്രാം അരി. ഇത് 18ചാക്ക് അരിക്ക് തുല്യമാണ്.''കേന്ദ്രത്തിൽ നിന്നു അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ പരാതികൾക്ക് പരിഹാരമാകും''- ജി.ആർ.അനിൽ,ഭക്ഷ്യമന്ത്രി

0/Post a Comment/Comments