ആരോഗ്യവിവരങ്ങള്‍ സൂക്ഷിക്കാൻ തിരിച്ചറിയല്‍ കാര്‍ഡ്; രജിസ്ട്രേഷൻ തുടങ്ങുന്നു

രാജ്യത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച്‌ സൂക്ഷിക്കാൻ ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് (എ.ബി.എച്ച്‌.എ.) നിലവില്‍ വരും. ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളുടെയും കേന്ദ്രീകൃത ഡേറ്റാബേസ് സ്ഥാപിക്കാനാണിത്.

ആയുഷ്മാൻ ഭാരത് ഡിജിറ്റല്‍ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഇതിന് സഹായിക്കും.

ഹെല്‍ത്ത് അക്കൗണ്ട് ഉണ്ടാക്കുമ്ബോള്‍ 14 അക്ക ഐ.ഡി. നമ്ബര്‍ ലഭിക്കും. ഇതില്‍ ആരോഗ്യരേഖകള്‍ സ്വീകരിക്കാനും സംഭരിക്കാനും കഴിയും. ഹെല്‍ത്ത് ഐ.ഡി. എന്നത് എ.ബി.എച്ച്‌.എ. നമ്ബര്‍, പേഴ്സണല്‍ ഹെല്‍ത്ത് റെക്കോഡ് ആപ്പ്, ഹെല്‍ത്ത് ലോക്കര്‍ എന്നിവയുടെ സംയോജനമാണ്.

വളരെ സുരക്ഷിതവും സ്വകാര്യവുമായിരിക്കും വിവരങ്ങള്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരോഗ്യരേഖകള്‍ വ്യക്തിയുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ മറ്റൊരാള്‍ക്ക് കാണാനാവൂ. ഭാവിയില്‍ ഇ-ഹെല്‍ത്ത്, ടെലി ഹെല്‍ത്ത് എന്നീ ആവശ്യങ്ങള്‍ക്കൊക്കെ ഈ ഹെല്‍ത്ത് ഐ.ഡി. ആവശ്യമായി വരും.

എ.ബി.എച്ച്‌.എ. ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് ഉണ്ടാക്കാൻ https://abha.abdm.gov.in/register എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. എ.ബി.എച്ച്‌.എ. കാര്‍ഡ് ഡൗണ്‍ലോഡും ചെയ്യാം.




*

0/Post a Comment/Comments