കണ്ണൂർ കോർപ്പറേഷൻന്റെ അമൃത് 2.0 പദ്ധതിയില്‍ ഉൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്


കണ്ണൂർ കോർപ്പറേഷൻന്റെ അമൃത് 2.0 പദ്ധതിയില്‍ ഉൾപ്പെടുത്തി  കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും. ചാല അമ്പലത്തിന് മുന്‍വശം നടക്കുന്ന പരിപാടി കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടിഒ മോഹനൻ ഉദ്ഘാടനം ചെയ്യും.  100 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമിടുന്നത്.

അമൃത് പദ്ധതി ഏറ്റവും ഫലപ്രദമായി  നടപ്പിലാക്കിയ അമൃത് നഗരങ്ങളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഒന്നാമതാണ്. അമൃത് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെട്ട മലിനജല ശുദ്ധീകരണ പ്ലാന്‍റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രയല്‍ റണ്‍ ഉടനെ നടത്തും. ഈ പദ്ധതിയില്‍ 51, 52 ഡിവിഷനുകളിലെ വീടുകളില്‍ സൗജന്യ കണക്ഷന്‍ നല്‍കുന്നതിന് 3 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് .

അമൃത് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് 26.25 കോടി രൂപയുടെ ഫ്ളോട്ടിംഗ് ഫണ്ടുള്‍പ്പെടെ 96.24 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതി കേരള വാട്ടര്‍ അതോറിറ്റി വഴി നടപ്പിലാക്കുന്നത്.
ഇതിനായി കോര്‍പ്പറേഷന്‍ പരിധിയില്‍ പൈപ്പിടുന്ന ജോലികള്‍ക്കായി ടെണ്ടര്‍ അംഗീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ കൂടുതലും സോണല്‍ ഏരിയകളിലാണ്.
പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ ഉള്ള 31,601 വീടുകള്‍ക്കുള്ള കണക്ഷന് പുറമെ പുതുതായി 24,000 കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാനാകും. 

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കോര്‍പ്പറേഷന്‍ പരിധിക്കകത്തെ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയ കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി കണ്ണൂര്‍ മാറും. 2024 മാര്‍ച്ച് 31 ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷാ ഫോമുകള്‍ കോര്‍പ്പറേഷന്‍ ഓഫീസ്, സോണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും മേയർ പറഞ്ഞു.

 ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വകേറ്റ് . പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങൾ, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ സുദീപ്, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഷര്‍ണ രാഘവന്‍ തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





0/Post a Comment/Comments