ഇരിട്ടി: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ക്ഡ്രില്ലിൽ പരിഭ്രാന്തരായി പ്രദേശവാസികൾ. തീപ്പിടുത്തവും അതുമൂലമുണ്ടാകുന്ന അപകടങ്ങളുമാണ് ആറളം ഫാമിലെ വളയം ചാലിൽ ഇരിട്ടി താലൂക്ക് അധികൃതരുടെ നേതൃത്വത്തിൽ അഗ്നിശമനസേനയും പോലീസും ചേർന്ന് ആവിഷ്കരിച്ചത്.
രാവിലെ 10.30 ഓടെയാണ് ആറളം ഫാം വളയംചാലിൽ ആറളം വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന ആനമലിന് സമീപമാണ് തീപ്പിടുത്തം സൃഷ്ടിച്ചത്. പുകയും തീയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും രണ്ടുപേർ തീപ്പൊള്ളലേറ്റ് കിടക്കുന്നതാണ് അവർ കണ്ടത്. അപ്പോഴേക്കും പേരാവൂരിൽ നിന്നും അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തേക്ക് കുതിച്ചെത്തി തീ വക്കാനുള്ള ശ്രമം തുടങ്ങി. പൊള്ളലേറ്റ് കിടക്കുന്ന രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് ഒറ്റപ്പെട്ട് പോയവരെ പ്രത്യേകം തയ്യാറാക്കിയ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. അവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിച്ചു നൽകി. ഈ സമയത്ത് ആറളം പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇതായിരുന്നു മോക്ഡ്രില്ലിലെ ഉള്ളടക്കം.
എന്നാൽ അഗ്നിശമന സേനാ വാഹനങ്ങളുടെയും ആംബുലൻസിന്റെയും സയറണും പോലീസ് വാഹനങ്ങളുടെ ഓട്ടവും മറ്റും കണ്ട് പ്രദേശവാസികൾ പരിഭ്രാന്തരായി ഓടിയെത്തിയെങ്കിലും സ്ഥലത്തെത്തിയപ്പോഴാണ് ഇത് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ക്ഡ്രിൽലാണ് എന്ന് മനസ്സിലാവുന്നത്. ഒരു ദുരന്തം നടന്നാൽ എങ്ങനെ അവിടെ എത്തി രക്ഷാപ്രവർത്തനം നടത്താമെന്നും പൊതുജനങ്ങൾ എങ്ങനെ ഇത്തരം സംഭവങ്ങൾ അഭിമുഖീകരിക്കണം എന്നതിനുള്ള ബോധവൽക്കരണം കൂടിയാണ് ഈ മോക്ഡ്രിൽ എന്ന് ഇരിട്ടി താഹസിൽദാർ സി. വി. പ്രകാശൻ പറഞ്ഞു. ഇരിട്ടി താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരും വില്ലേജ് ജീവനക്കാരും ഉൾപ്പെടെയുള്ളവർ മോക്ക് ഡ്രില്ലിലിന് നേതൃത്വം നൽകി.
Post a Comment