കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യം: ബാലാവകാശ കമ്മീഷന്‍


കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ  അവരുടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുകയുളളുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാതല സ്റ്റേയ്ക്ക് ഹോൾഡേഴ്‌സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍  അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണം. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മികച്ച നിലവാരത്തിലേക്കുയര്‍ന്നതായും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പോക്‌സോ കേസുകള്‍  വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോടാവശ്യപ്പെടുമെന്ന് കമ്മീഷന്‍ അറിയിച്ചു. കേസുകള്‍ നീണ്ട് പോകുന്നത് പ്രതികള്‍ രക്ഷപ്പെടുന്നതിന് ഇടയാക്കും. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വാര്‍ത്തകള്‍ വരുന്നത് തടയണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

പോക്‌സോ കോടതികള്‍ ശിശു സൗഹൃദമാക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. കണ്ണവം ട്രൈബല്‍ ഏരിയിയലെ എല്ലാ കുട്ടികളും യു പി തലം വരെ സ്‌കൂളുകളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഹൈസ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠനം പാതി വഴിയിലാകുന്നതായി കൂത്തുപറമ്പ് ഡി ഇ ഒ പറഞ്ഞു. 

സ്‌കൂളില്‍ കൗണ്‍സലര്‍മാരുടെ സേവനം ഹൈസ്‌കൂള്‍ തലത്തില്‍ മാത്രമേ ലഭിക്കുന്നൂള്ളു. അത് യു പി ക്ലാസുകളില്‍ കൂടി ലഭ്യമാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജില്ലയില്‍ കുട്ടികള്‍ക്കായി ഡീ അഡിക്ഷന്‍ സെന്റര്‍ തുറക്കണം. 

ട്രൈബല്‍ ഹോസ്റ്റലുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി ഹോസ്റ്റലുകളില്‍ കമ്മീഷന്‍ സന്ദര്‍ശിക്കണം. സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്ത ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, സ്‌കൂള്‍ ജാഗ്രതാ സമിതികള്‍ ഊര്‍ജിതമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ബാലനീതി നിയമം 2015, വിദ്യാഭ്യാസ അവകാശ നിയമം 2009, പോക്സോ ആക്റ്റ് 2012 എന്നിവയുടെ ഫലപ്രദമായ നടത്തിപ്പുകളെക്കുറിച്ചുള്ള അവലോകനമാണ് നടന്നത്.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം കെ കെ ദിവാകരന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ വി രജിഷ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0/Post a Comment/Comments