എഴുതേണ്ടത് എന്തെന്നത് എഴുത്തിന് ഇരുത്തുന്നവരുടെ താല്‍പര്യം; മട്ടന്നൂരിലെ ചടങ്ങിനെതിരായ ഹരജി തീര്‍പ്പാക്കി


കൊച്ചി: മതാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ കുട്ടികള്‍ എഴുതേണ്ട വാക്കുകള്‍ തെരഞ്ഞെടുക്കാൻ രക്ഷിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി.

അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി ഏതെങ്കിലും ഒരു മതത്തെ പ്രതിനിധാനം ചെയ്യുന്ന വാചകങ്ങള്‍ എഴുതാൻ നിര്‍ബന്ധിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. 

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭ ഗ്രന്ഥശാല സമിതി നടത്താനിരിക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങിലെ നോട്ടീസ് ചോദ്യം ചെയ്ത് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. ഹൈന്ദവീയം ഫൗണ്ടേഷൻ കേരള ചാപ്റ്റര്‍ കണ്‍വീനര്‍ കെ.ആര്‍. മഹാദേവൻ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

ഹരിശ്രീ ഗണപതയേ നമഃ എന്നതിന് പുറമെ മറ്റ് മതവിശ്വാസവുമായി ബന്ധപ്പെട്ട വാക്യങ്ങളും ഇംഗ്ലീഷ്, മലയാളം അക്ഷരമാലകളും ആദ്യക്ഷരമായി എഴുതാൻ കഴിയും എന്നായിരുന്നു പരിപാടിയുടെ നോട്ടീസില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കള്‍ പൂരിപ്പിച്ച്‌ നല്‍കാനുള്ള അപേക്ഷ ഫോറത്തിലും എല്ലാ മതങ്ങളുടെയും വാചകങ്ങളും അക്ഷരമാലയും തെരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ചേര്‍ത്തിരുന്നു. ഹിന്ദു വിശ്വാസ പ്രകാരം നടത്തുന്ന ചടങ്ങില്‍ മറ്റ് മതസ്ഥരുടെ വാചകങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. നോട്ടീസ് വിലക്കണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍, ഹരജിക്കാര്‍ ആരോപിക്കുന്നപോലെ ഏതെങ്കിലും മതവാക്യങ്ങള്‍ തെരഞ്ഞെടുക്കാൻ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും എഴുത്തിനിരുത്താൻ വരുന്നവര്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച്‌ കുട്ടികളെ എഴുതിപ്പിക്കാനാകുമെന്നും നഗരസഭ വിശദീകരിച്ചു. 

ഓരോ മതവിശ്വാസിക്കും അതിനനുസൃതമായ വാക്കുകള്‍ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അക്ഷരമാലകളും വേണമെങ്കില്‍ സ്വീകരിക്കാം. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ദുരുദ്ദേശ്യപരമായാണ് എഴുത്തിനിരുത്തല്‍ നടത്തുന്നതെന്ന് കരുതാനാവില്ലെന്ന് വിലയിരുത്തി. മട്ടന്നൂരിലെ ഈ ചടങ്ങിലോ നോട്ടീസിലോ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.





0/Post a Comment/Comments