ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പാരിപ്പള്ളിയിലെ കടയിലെത്തിയ പുരുഷന്റെ രേഖാ ചിത്രം


ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. 

ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നല്‍കിയിരുന്നു. കടയില്‍ എത്തിയ പുരുഷനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് കടയുടമയായ സ്ത്രീ നേരത്തെ  പറഞ്ഞിരുന്നു. 

കടയുടമ  പറഞ്ഞത്: ''ഏഴര മണിയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമനെ കണ്ടിട്ടില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയും. ''

അതേസമയം, ഓട്ടോയില്‍ മൂന്നു പേരുണ്ടായിരുന്നെന്ന് പ്രദേശത്തുണ്ടായിരുന്ന സതീശന്‍ എന്നയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്തീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷന്‍ ബ്രാണ്‍ ഷര്‍ട്ടും കാക്കി പാന്റുമായിരുന്നു. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാള്‍ കമിഴ്ന്നിരിക്കുകയായിരുന്നു. ഏകദേശം പത്തുമിനിറ്റോളം ഓട്ടോ സ്ഥലത്തുണ്ടായിരുന്നു. സമീപപ്രദേശത്തുള്ള ഓട്ടോയല്ലായിരുന്നു അതെന്ന് സതീശന്‍ പറഞ്ഞു.

വിവരം ലഭിച്ചാല്‍ അറിയിക്കുക: 9946 92 32 82, 9495 57 89 99

0/Post a Comment/Comments