മാഹി പാലം സുരക്ഷിതമെന്ന ഹൈവേ അതോറിറ്റിയുടെ വാദത്തെ തള്ളി ഹൈക്കോടതി

മയ്യഴി: മാഹി പാലം അപകടാവസ്ഥയിലാണെന്നത് ശരിയല്ലെന്നും പാലം സുരക്ഷിതമാണെന്നുമുള്ള കേന്ദ്ര ദേശീയപാതാ അധികൃതരുടെ വാദത്തെ തള്ളി ഹൈക്കോടതി.

മാഹി പാലം സുരക്ഷിതമാണെന്ന് ഉറപ്പുപറയുന്നത് ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു. അപകടാവസ്ഥയിലായ മാഹി പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ കടന്നു പോകുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് മയ്യഴിക്കൂട്ടം നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പാലം സുരക്ഷിതമാണെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാലം സുരക്ഷിതമാണെന്നായിരുന്നു ഹൈവേ അധികൃതരുടെ വാദം. പാലത്തിന് ചെറിയ തകരാറുകള്‍ മാത്രമേയുള്ളൂ. അത് അറ്റകുറ്റപ്പണി നടത്തി പരിഹരിക്കാവുന്നതേയുള്ളൂവെന്നും എൻ.എച്ച്‌.എ.ഐ. നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിക്കാര്‍ മാഹി പാലത്തിന്റെ കാര്യത്തില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുഴപ്പിലങ്ങാട് - അഴിയൂര്‍ നാലുവരി ബൈപ്പാസ് പ്രവൃത്തി പുരോഗമിക്കുകയാണെന്നും ബൈപ്പാസ് തുറന്ന് കൊടുക്കുന്നതോടെ മാഹി പാലത്തിലൂടെ വളരെ പരിമിതമായ ഗതാഗതം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നുമാണ് അധികൃതരുടെ വാദം. 

പാലത്തിന്റെ ഉപരിതലത്തിലെ ചെറിയ തകരാറുകള്‍ പരിഹരിച്ച്‌ ടാര്‍ ചെയ്യുന്നതിന് 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സംസ്ഥാന പൊതുമരാമത്ത് ദേശീയപാതാ വിഭാഗം കേന്ദ്ര ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിച്ചതായും ഇതിന് ഉടനെ അനുമതി ലഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മാഹി പാലത്തിന്റെ കാര്യത്തില്‍ അധികൃതര്‍ നടത്തിയ ആധികാരികവും ശാസ്ത്രീയവുമായ പഠന പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കണമെന്നും പാലത്തിന്റെ സുരക്ഷിതത്വം കോടതിയെ ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

തലശ്ശേരി-മാഹി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് മയ്യഴിക്കൂട്ടം നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം. ഏറെ പഴക്കം ചെന്ന മാഹിപ്പാലത്തിലൂടെ ഭാരമേറിയതും നീളം ഏറെയുള്ളതുമായ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് നിയന്ത്രിക്കുക, നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയപാലം നിര്‍മിക്കുക, തകര്‍ച്ച നേരിടുന്നതും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതക്കുരുക്കിന് കാരണമാവുന്നതുമായ പാലം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മയ്യഴിക്കൂട്ടം ജനറല്‍ സെക്രട്ടറി ഒ.വി. ജിനോസ് ബഷീര്‍ ഹര്‍ജി നല്‍കിയത്. സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി. ജോര്‍ജും, അഡ്വ.രാജേഷ് കുമാറും കോടതിയില്‍ ഹാജരായി.





0/Post a Comment/Comments