സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ, വികസന വിരുദ്ധ, അഴിമതി നിറഞ്ഞ ദുർഭരണത്തിനെതിരെ സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന വിചാരണ സദസ് 16ന് മട്ടന്നൂരിൽ നടക്കും. ഉച്ച കഴിഞ്ഞ് 3 മുതൽ മട്ടന്നൂർ ബസ്റ്റാൻ്റ് പരിസരത്താണ് വിചാരണ സദസ് നടക്കുകയെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനങ്ങളെ കാണാനും ജനങ്ങളുടെ പരാതി പരിഹരിക്കാനെന്നും പറഞ്ഞ് ഔദ്യോഗിക സംവിധാനങ്ങളെ മുഴുവൻ ഉപയോഗിച്ച് കൊണ്ട് നടത്തുന്ന നവകേരള സദസ് എന്ന ജനവിരുദ്ധ ധൂർത്തിനെതിരായാണ് ജനങ്ങൾ ഒത്തുചേരുന്ന വിചാരണ സദസ് നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിചാരണ സദസ് ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ പ്രസംഗിക്കും.
വിചാരണ സദസിൻ്റെ പ്രചരണാർത്ഥമുള്ള വിളംബര ജാഥ 14ന് വൈകുന്നേരം 4ന് മട്ടന്നൂർ കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച് നഗരം ചുറ്റി ബസ്റ്റാൻ്റ് പരിസരത്ത് സമാപിക്കും.
വാർത്താ സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ ടി.വി.രവീന്ദ്രൻ, ഇ.പി.ഷംസുദ്ദീൻ, സുരേഷ് മാവില, വി.മോഹനൻ, എം.കെ.കുഞ്ഞിക്കണ്ണൻ, എം.സതീഷ് കുമാർ, പി.കെ.കുട്ട്യാലി, വി.എൻ.മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Post a Comment