കുടകിൽ മലയാളികൾ സഞ്ചരിച്ച കാർ അടക്കം തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവം: 3 മലയാളികൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

ഇരിട്ടി: മൈസൂരുവിൽ സ്വർണ്ണം വിറ്റ പണവുമായി കേരളത്തിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി യുവാക്കളെ കാർ അടക്കം തട്ടിക്കൊണ്ടുപോയി പണം കവർന്നു എന്ന കേസിൽ മൂന്ന്  മലയാളികളടക്കം ആറ് പേർ അറസ്റ്റിൽ. ഇത് സംബന്ധിച്ച് മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശയും കോൺട്രാക്ടറുമായ  കെ. ഷംജദ് (38 ) ഗോണിക്കുപ്പ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിനിടെയാണ് ഇവർ അറസ്റ്റിലാകുന്നത്. മലയാളികളായ പേരൂർ ദിനേശ്, ജംഷീദ്, ഹാറൂൺ വീരാജ്പേട്ട സമീപ വാസികളായ രമേശ് , നാഗേഷ്, രമേഷ് എന്നിവരാണ് അറസ്റ്റിലായത്. 
ഡിസംബർ 9 ന് അർദ്ധരാത്രിയോടെ കുടകിലെ ഗോണിക്കുപ്പക്ക് സമീപം ഹൈവേയിൽ വെച്ചാണ് കവർച്ച നടന്നത്. മൈസൂരുവിൽ സ്വർണ്ണം വിറ്റ് പണവുമായി നാട്ടിലേക്കു മടങ്ങുകയായിരുന്ന ഷംജദും സുഹൃത്ത് അഫ്‍നുവും സഞ്ചരിക്കുകയായിരുന്ന കാർ നിർത്തി പ്രതികൾ  പണം ആവശ്യപ്പെടുകയായിരുന്നു. പണം ഇല്ലെന്നു പറഞ്ഞതോടെ സംഘം കാർ അടക്കം തട്ടിക്കൊണ്ടുപോയി പണം കവർന്നശേഷം ഇവരെ വീരാജ്പേട്ടയിലെ ഉൾഗ്രാമത്തിൽ  വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വീരാജ്പേട്ട പോലീസ് സ്റ്റേഷനിലെത്തി ഷംജദ് നൽകിയ പരാതിയിൽ സ്വർണ്ണം വിട്ടു കിട്ടിയ 50 ലക്ഷം രൂപ കവർന്നു എന്നാണ്  പറഞ്ഞിരുന്നത്. സംഭവം നടന്നത് ഗോണിക്കുപ്പ പോലീസ് പരിധിയിലായതിനാൽ കേസ് ഇവിടേക്ക് മാറ്റി. 
 പോലീസ് മൈസൂരുവിൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഒരു കിലോവോളം സ്വർണം വിറ്റതായും 61 ലക്ഷം രൂപ കൈപ്പറ്റി യതായും കണ്ടെത്തുകയും സ്വർണ്ണം പിടിച്ചെടുക്കുകയും ചെയ്തു. ഇവർ നൽകിയ പരാതി തെറ്റാണെന്നും ഗൾഫിൽ നിന്നും മറ്റും സ്വർണ്ണം പലവിധേന  നാട്ടിലെത്തിച്ച് ഉരുക്കി വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണെന്നും പൊലീസിന് സംശയം ജനിച്ചു. നികുതി അടക്കാതെയും ബില്ലില്ലാതെയുമാണ് സ്വർണ്ണം വിറ്റിരുന്നത്.  ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജി എസ് ടി വകുപ്പും, നികുതി വകുപ്പും  അന്വേഷണം നടത്തി വരികയാണ്. 
അറസ്റ്റിലായ പ്രതികളിൽ പേരൂർ ദിനേശ് കൊലക്കേസ് പ്രതിയാണെന്നും കേസിൽ ശിക്ഷിച്ച് തൃശൂർ ജയിലിൽ കഴിയുന്ന പ്രതി പരോളിൽ ഇറങ്ങിയ ശേഷം കുറ്റകൃത്യത്തിൽ പങ്കെടുത്ത് വീണ്ടും ജയിലിലേക്ക് പോയതായും കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു. ജയിലിൽ നിന്നും കഞ്ചാവ് വ്യാപാരിയായ രമേശുമായി ദിനേശ് ബന്ധപ്പെട്ടു. നാഗേഷന് പ്രതികൾക്ക് വീരാജ്പേട്ടയിൽ മുറി ഒരുക്കിക്കൊടുത്തത്. രമേശാണ് കാർ ഏർപ്പാടാക്കിക്കൊടുത്തത്. ഇവർക്കൊപ്പം ജംഷീദും, ഹാറൂണും ചേരുകയായിരുന്നു. 
സംഭവം നടന്നു 10 ദിവസത്തിനുള്ളിലാണ് പ്രതികളെ വലയിലാക്കാൻ കഴഞ്ഞതെന്ന് കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ ഇതുസംബന്ധിച്ച് മടിക്കേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഡീഷണൽ പോലീസ് സൂപ്രണ്ട് സുന്ദർ രാജ് അന്വേഷണം ഏറ്റെടുത്തു.  ഡിവൈഎസ്പിമാരുടെയും  ക്രൈം ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ്, പൊലീസ് ടെക്നിക്കൽ ഫോഴ്സ് എന്നിവരുടെ സഹായത്തോടെ നാൽപ്പതോളം പേർ അടങ്ങുന്ന സംഘമാണ്  അന്വേഷണം നടത്തിയത്. കേരളമുൾപ്പെടെ കുടക് ഹൈവേയിലെ 300 സിസി ക്യാമറകളിലൂടെ ആ വഴി വന്ന വാഹനങ്ങളെല്ലാം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പത്ത് പേർ കൂടി കൃത്യത്തിൽ പങ്കെടുത്തതായി സംശയിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

0/Post a Comment/Comments