കരിന്തളം - വയനാട് 400 കെ വി ലൈൻ മതിയായ നഷ്ടപരിഹാര പാക്കേജ് വേണം കളക്ടർക്ക് സ്ഥലമുടമകളായ കർഷകർ നിവേദനം നൽകി

 
 ഇരിട്ടി : കരിന്തളം - വയനാട്  400 കെ വി ലൈൻ കടന്നുപോകുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ 58 കർഷകർ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം  എന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മാസങ്ങളായി യാതൊരു തീരുമാനവും ആവാതെ നീളുകയാണ് ലൈൻ കടന്നു പോകുന്ന മേഖലയിലെ ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നം. മതിയായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതെ  കെ എസ് ഇ ബി ട്രാൻസ്‍ഗ്രിഡ് ഉദ്യോഗസ്ഥർ തങ്ങളുടെ അനുവാദം ഇല്ലാതെ  ഭൂമിയിൽ പ്രവേശിക്കുന്നതിനും  നിർമ്മാണം നടത്തുന്നതിനും അനുമതി നൽകരുത്. അതോടൊപ്പം  തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നിവേദനത്തിൽ കർഷകർ ആവശ്യപ്പെട്ടു. വില തകർച്ചയും കൃഷി നാശവും കാരണം  കടക്കെണിയിലായ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അവന്റെ ഭൂമി ന്യായമായ വില നൽകാതെ പിടിച്ചെടുക്കാനായുള്ള കെ എസ് ഇ ബി യുടെ പദ്ധതി കൂടുതൽ കർഷക  ആത്മഹത്യക്ക് കാരണമാകുമെന്നും നിവേദനത്തിൽ പറയുന്നു . 

     മുഖ്യമന്ത്രിക്കും,വകുപ്പ് മന്ത്രിക്കും ഉൾപ്പെടെ  നിരവധി പരാതികൾ നൽകിയിട്ടും നഷ്ടപരിഹാര പാക്കേജിൽ യാതൊരു തീരുമാനവും എടുക്കാതെ വന്നതോടെയാണ്  ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള പരാതിയുമായി അയ്യൻകുന്നിലെ 58 കർഷകർ വീണ്ടും കളക്ടറുടെ അടുത്ത്  എത്തിയത്. നഷ്ടമാകുന്ന കൃഷി ഭൂമിയെ കുറിച്ചും വരുമാന മാർഗങ്ങളെ കുറിച്ചും കർഷകരുടെ ആശങ്കയും പരാതിയും ക്ഷമയോടെ  ശ്രദ്ധിച്ച കളക്‌ടർ കർഷകന്റെ ഭൂമിയിൽ അതിക്രമിച്ചു കയറി യാതൊരു നിർമ്മാണ പ്രവർത്തിയും നടത്തില്ലെന്ന് കർഷക പ്രതിനിധികൾക്ക് ഉറപ്പ് നൽകി.  കർമ്മസമിതി നിവേദന സംഘത്തിൽ  കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ( ചെയർമാൻ കർമ്മസമിതി, പ്രസിഡണ്ട് അയ്യംകുന്ന് ഗ്രാമപഞ്ചായത്ത്),  ബെന്നി പുതിയാമ്പുറം  (കർമ്മ സമിതി കൺവീനർ), ജോൺസൺ അണിയറ, ജിംസൺ ജോർജ് ,എന്നിവരും ജോർജ് കിളിയന്തറ മുടയരിഞ്ഞി എന്നിവരും നിവേദന സംഘത്തിൽ ഉണ്ടയിരിന്നു.

0/Post a Comment/Comments