ആറളം ഫാമിൽ തെങ്ങ് ചെത്ത് തൊഴിലാളികൾ കാട്ടാനയുടെ മുന്നിൽ പെട്ടു ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണ് രണ്ട് പേർക്ക് പരിക്ക്ഇരിട്ടി:ആറളം ഫാമിൽ കാട്ടാനയുടെ മുന്നിൽ പെട്ട്  തെങ്ങ് ചെത്ത് തൊഴിലാളികൾ. ഓടിരക്ഷപ്പെടുന്നതിനിടെ വീണ്  രണ്ടുപേർക്ക് പരിക്ക്. ഫാമിന്റെ കൃഷിയിടമായ  ഒന്നാം ബ്ലോക്കിലെ കുറ്റിക്കാട് നിറഞ്ഞ റോഡിലൂടെ ബൈക്കിൽ തെങ്ങ് ചെത്താനായി പോവുകയായിരുന്ന മൂന്ന്  തൊഴിലാളികളാണ്  കുറ്റിക്കാട്ടിൽ നില്ക്കുകയായിരുന്ന  ആനയുടെ മുന്നിൽ പെട്ടത്. 

ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിനിടയിൽ വീണാണ് മുഴക്കുന്ന് സ്വദേശി നെല്ലിക്ക രജീഷ് (42) പാലപ്പുഴ സ്വദേശി തക്കോളി പ്രകാശൻ (55) എന്നിവർക്ക്   പരിക്കേറ്റത്. നെറ്റിക്ക് മുറിവേറ്റ രജീഷിന് പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

 ഓട്ടത്തിനിടയിൽ വീഴാനായി തെന്നിയപ്പോൾ പ്രകാശന് നടുവിനാണ് പരിക്കേറ്റത്.
 വെളളിയാഴ്ച്ച രാവിലെ ഏഴുമണിയോടെയായിരുന്നു  സംഭവം. 

രജീഷും മുഴക്കുന്ന് സ്വദേശിയായ മഹേഷും ബൈക്കിൽ തെങ്ങ് ചെത്തുന്നതിനായി വരികയായിരുന്നു. ഇവർക്ക് പിറകിലായി പ്രകാശനും ബൈക്കിൽ ഒപ്പം ഉണ്ടായിരുന്നു. റോഡരികിലെ കൂറ്റിക്കാട്ടിൽ നില്ക്കുകയായിരുന്ന ഒറ്റയാൻ അടുത്ത് എത്തിയപ്പോഴാണ് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ആനയെക്കണ്ട്  ബൈക്ക് നിർത്തുമ്പോഴേക്കും ആന ഇവർക്ക് നേരെ പാഞ്ഞടുത്തു.  ഉടനെ  രജീഷും പ്രകാശനും ബൈക്ക് ഉപേക്ഷിച്ച്  ഒരു വഴിക്കും മഹേഷ് മറ്റൊരു വഴിക്കും ഓടി.

 മഹേഷ് ഓടി മരത്തിൽ കയറുന്നതിനിടയിൽ ആന മഹേഷ് കയറിയ മരത്തിന് മുന്നിൽ എത്തിയതോടെ  രജീഷും പ്രകാശനും ബഹളം വെക്കുകയും   ആന ഇരുവർക്കും നേരെ പാഞ്ഞടുക്കുകയുമായിരുന്നു. ഇതിനിടയിലാണ് രജീഷിന് വീണ് പരിക്കേൽക്കുന്നത്. 

ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും  ഒരു നിമിഷ നേരത്തേക്ക ആനയുടെ ശ്രദ്ധ മാറിയതുകൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്നും  രജീഷ് പറഞ്ഞു. കഴിഞ്ഞ വർഷം ഫാമിനുള്ളിൽ വെച്ച് ചെത്ത് തൊഴിലാളി കൊളപ്പ സ്വദേശി പി.പി. റിജേഷിനെ  കാട്ടാന ചവിട്ടിക്കൊന്നിരുന്നു. റിജേഷ് ബൈക്കിൽ പോകുന്നതിനിടെ കൃഷിയിടത്തിൽ വെച്ച് ആക്രമിച്ച് കൊല്ലുകയായിരുന്നു.

0/Post a Comment/Comments