കോഴിക്കോട്: ബി എസ് 4 വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമായി നീട്ടി ഗതാഗത വകുപ്പ് ഉത്തരവിട്ടു. ബിഎസ് 4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമാക്കി 2022ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് സെപ്റ്റംബര്‍ 21ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ബി എസ് 4 നിലവാരത്തിലുള്ള വാഹനങ്ങളും രജിസ്റ്റര്‍ചെയ്ത് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബിഎസ് 4, ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
പുക പരിശോധനാ സെന്ററുകള്‍ക്ക് വേണ്ടി കേന്ദ്രചട്ടം മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിഎസ്4 ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് ആറുമാസമായി ഉയര്‍ത്തിയതുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
Post a Comment