ജയക്ക് 29 രൂപ, കുറുവയ്ക്കും മട്ടയ്ക്കും 30; കെ റൈസ് വിൽപ്പന ഇന്നുമുതൽ


തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ വിപണിയിലിറക്കുന്ന കെ റൈസിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. വിൽപ്പനയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ശബരി കെ-റൈസ് (ജയ അരി) കിലോയ്ക്ക് 29 രൂപയ്ക്കും മട്ട, കുറുവ ഇനങ്ങളിലെ അരി കിലോയ്ക്ക് 30 രൂപ നിരക്കിലും വിതരണം ചെയ്യും. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.

നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.






0/Post a Comment/Comments