ആറളം ഫാമിൽ 3 ദിവസം നിരോധനാഴ്ച കാട്ടാന തുരത്തൽ 2-ാം ഘട്ടം ഇന്ന് മുതൽ

ഇരിട്ടി:  ആറളം ഫാമിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ച കാട്ടാന തുരത്തലിന്റെ 2-ാം ഘട്ടം വെള്ളിയാഴ്ച മുതൽ തുടങ്ങും . ഇതിൻ്റെ ഭാഗമായി സിആർപിസി 144 നിയമ പ്രകാരം 3 ദിവസത്തേക്ക് ആറളം ഫാമിൽ  സബ് കലക്‌ടർ സന്ദീപ് കുമാർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ നിരോധനാജ്ഞ നിലവിൽ വരും.  കീഴ്പ്പള്ളി - കക്കുവ, ഓടംതോട് - വളയംചാൽ എന്നിവ ഉൾപ്പെടെ ഫാമിനുള്ളിൽ കൂടി പോകുന്ന എല്ലാ റോഡുകളിലും ഗതാഗതം നിരോധിച്ചു. 
കഴിഞ്ഞ ഞായറാഴ്ചയാണ് ഫാം  പുനരധിവാസ മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചത്.  4 ദിവസമായി തുടരുന്ന  1-ാം ഘട്ടത്തിൽ 5 ആനകളെ കാട്ടിലേക്കു തുരത്തി വിടാനായിരുന്നു. ഏതാനും ആനകൾ കൂടി പുനരധിവാസ മേഖലയിൽ ഇനിയും  കിടപ്പുണ്ടെങ്കിലും  ഇന്ന് മുതൽ  ഫാം കൃഷിയിടത്തിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തിവിടുന്നതിനൊപ്പം ഇവയെയും കാടുകയറ്റും.   
 ആർ ആർ  ടി ഉൾപ്പെടെ വനപാലകരും ഫാം സുരക്ഷാ ജീവനക്കാരും പുനരധിവാസ മേഖലയിൽ നിന്നും  തിരഞ്ഞെടുക്കുന്ന ചിലരും  അടങ്ങുന്ന  15 പേർ വീതമുള്ള 3 സംഘങ്ങളാണ് ആനകളെ തുരത്തുക. രണ്ട്  സംഘങ്ങൾ ഫാം കൃഷിയിടത്തിൽ നിന്നും  ആനകളെ തുരത്തുമ്പോൾ മൂന്നാമത്  സംഘം പുനരധിവാസ മേഖലയിൽ എത്തിക്കുന്ന ആനകളെ ഇവിടെ നിന്നും  ഓടിക്കും. ഫാം മേഖലയിൽ  പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പോലീസിനാണ്  സുരക്ഷയുടെയും  ഗതാഗത നിയന്ത്രണത്തിന്റേയും  ചുമതല. ആരോഗ്യവകുപ്പും  ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി  സ്‌ഥലത്ത് നിലയുറപ്പിക്കും. ഫാമിന്റെ ഇരു മേഖലയിലുമുള്ള ആനകളെ മുഴുവൻ കാടുകയറ്റിവിട്ടാൽ  ഇവ വീണ്ടും  ഫാമിലേക്ക് തിരിച്ചെത്താതിരിക്കാൻ വനം വകുപ്പധികൃതർ ജാഗ്രത പുലർത്തും. ആനകൾ കാട് കയറിയാൽ  അതിർത്തിയിൽ വനം വകുപ്പ് സ്‌ഥാപിച്ച താൽക്കാലിക വൈദ്യുതി വേലിയും കാർഷിക ഫാം അതിർത്തിയിൽ നിർമ്മിച്ച  സോളർ തൂക്കുവേലിയും ചാർജ് ചെയ്യന്നതോടെ കാട്ടാന ശല്യത്തിന് പരിഹാരമാകും.   നിർമ്മാണം തുടരുന്ന  ആനമതിൽ കൂടി പൂർത്തിയാകുന്നതോടെ കാട്ടാനശല്യത്തിന് പൂർണ്ണ വിരാമമുണ്ടാകും എന്നാണ് അനുമാനം.   
 സബ് കലക്‌ടർ സന്ദീപ് കുമാർ , കണ്ണൂർ ഡിഎഫ്ഒ എസ്. വൈശാഖ്, കണ്ണൂർ ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്‌ഒ അജിത്ത്. കെ രാമൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, ആറളം ഫാം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഡോ. പി.കെ. നിതീഷ് കുമാർ, ടിആർഡിഎം ഫാം സൈറ്റ് മാനേജർ സി. ഷൈജു, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, ആറളം അസിസ്‌റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, ഫോറസ്‌റ്റർ സി.കെ. മഹേഷ് എന്നിവർ  ആനതുരത്തൽ  നടപടികൾക്ക് നേതൃത്വം നൽകും. 
ആനതുരത്തൽ നടക്കുന്ന 8, 9, 10 തീയതികളിൽ ആറളം വന്യജീവി  സങ്കേതത്തിനും അധികൃതർ  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

0/Post a Comment/Comments