'ഓപറേഷന്‍ ഓവര്‍ലോഡ്-3'; വിജിലന്‍സ് പരിശോധനയില്‍ 319 വാഹനങ്ങളില്‍ നിന്നായി ഈടാക്കിയത് 1.36 കോടി രൂപ പിഴ


തിരുവനന്തപുരം:ക്വാറി ഉത്പന്നങ്ങള്‍ കടത്തുന്ന വാഹനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഓവർലോഡ്-3 എന്ന പേരില്‍ വിജിലൻസ് നടത്തിയ ഒന്നര മണിക്കൂർ പരിശോധനയില്‍ കണ്ടെത്തിയത് 1.36 കോടി രൂപയുടെ ക്രമക്കേട്.

ബുധനാഴ്ച പുലർച്ചെ 6.30 മുതല്‍ എട്ടു വരെ 347 വാഹനങ്ങള്‍ പരിശോധിച്ചപ്പോഴാണ് 1.36 കോടിയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. എല്ലാ ജില്ലയിലുമായി 65 ഇടങ്ങളിലായിരുന്നു പരിശോധന. 

വാഹനങ്ങളില്‍ 92 ശതമാനം വാഹനങ്ങളും അമിത ഭാരം കയറ്റിയതും 30 ശമാനം വാഹനങ്ങള്‍ പാസില്ലാത്തവയും 12 ശതമാനം വാഹനങ്ങള്‍ അധിക ബോഡി ഉയർത്തി രൂപമാറ്റം വരുത്തിയ നിലയിലുമാണെന്ന് വിജിലൻസ് കണ്ടെത്തി. 

വിജിലൻസ് പിടികൂടിയ വാഹനങ്ങളില്‍നിന്ന് മോട്ടോർ വാഹന, മൈനിംഗ് ആൻഡ് ജിയോളജി, ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പിഴകള്‍ ഈടാക്കിയത്. അമിത ഭാരം കയറ്റിയ 319 വാഹനങ്ങളില്‍ നിന്ന് മോട്ടോർ വാഹന വകുപ്പ് 65.46 ലക്ഷം രൂപയും റോയല്‍റ്റി ഇനത്തില്‍ വെട്ടിപ്പ് നടത്തിയതിന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് 63.94 ലക്ഷവും ജിഎസ്ടി വെട്ടിപ്പ് നടത്തിയതിന് 7.12 ലക്ഷം രൂപയുമാണ് പിഴയായി ഈടാക്കിയത്.

പെർമിറ്റിനു വിരുദ്ധമായി രൂപമാറ്റം വരുത്തിയും അധികഭാരം കയറ്റിയും സഞ്ചരിക്കുന്ന വാഹനങ്ങള്‍ മോട്ടോർ വാഹന, മൈനിംഗ് ആൻഡ് ജിയോളജി, ജിഎസ്ടി വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ലെന്നു വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ടിപ്പറുകളിലും ട്രക്കുകളിലും ലോറികളിലും അമിത അളവില്‍ പെർമിറ്റിന് വിരുദ്ധമായി അമിത ഭാരം കയറ്റി നികുതി വെട്ടിപ്പു നടത്തുന്നതായും വ്യക്തമായിരുന്നു. 

വെട്ടിപ്പിനു ചില ക്വാറി ഉടമകളും കൂട്ടുനില്‍ക്കുന്നു. മറ്റു ചില ക്വാറി ഉടമകള്‍ മൈനിംഗ് ആൻഡ്് ജിയോളജി വകുപ്പിന്‍റെ പാസില്ലാതെ ക്വാറി ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. പാസുമായി വരുന്നവർക്ക് പാസില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അളവില്‍ ക്വാറി ഉത്പന്നങ്ങള്‍ നല്‍കുന്നതുവഴി ജിഎസ്ടി ഇനത്തിലും റോയല്‍റ്റി ഇനത്തിലും സർക്കാരിന് കോടികളുടെ നികുതി നഷ്ടമാണ് ദിനംപ്രതി സംഭവിക്കുന്നത്. 

പരിശോധന തുടരുമെന്നും ഇപ്പോള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് സർക്കാരിന് ഉടൻ നല്‍കുമെന്നും വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാർ അറിയിച്ചു.


0/Post a Comment/Comments