കത്തുന്ന ചൂട്; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ മുന്നറിയിപ്പ്, രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ചൂടു തുടരുന്നതിനാല്‍ ഏപ്രില്‍ ഒന്നു വരെ 10 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണിത്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2 - 3 ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളിലും 36 ഡിഗ്രിക്കു മുകളിലാണ്‌ താപനില. പുനലൂരിലാണ് ഏറ്റവും കൂടുതല്‍ (39.5 ). തൃശൂര്‍ വെള്ളാനിക്കര (39), പാലക്കാട് (38.4) എന്നിങ്ങനെയാണു കണക്ക്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ മിക്ക സ്റ്റേഷനുകളിലും കുറഞ്ഞ താപനില 27 ഡിഗ്രിക്കു മുകളിലാണ്.

അതേസമയം സംസ്ഥാനത്തെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






0/Post a Comment/Comments