സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചതെന്നും ഭര്‍ത്താവ് അമിത ലഹരിയിലായിരുന്നുവെന്നും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍.
.സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചത്. 150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയതെന്ന് നവവധു പറഞ്ഞു. എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത്. മദ്യമായിരുന്നില്ല. മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നത്.
കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. വീടിന്‍റെ മുകളിലെ മുറിയില്‍ വെച്ചായിരുന്നു മര്‍ദനം. ആദ്യം കരണത്തടിച്ചു. പിന്നീട് മുഷ്ടികൊണ്ട് തലക്കടിച്ചു. നെറ്റിയിലും ഇടിച്ചു. മൊബൈല്‍ ചാര്‍ജറിന്‍റെ കേബിള്‍ വെച്ച് കഴുത്തില്‍ മുറുക്കി കൊല്ലാൻ ശ്രമിച്ചു. രണ്ടു മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചു. ശബ്ദം കേട്ടിട്ടും വീട്ടിലുണ്ടായിരുന്നവര്‍ ഇടപെട്ടില്ല.
ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും കള്ളം പറഞ്ഞു. തനിക്കൊന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് സംഭവം. കല്യാണത്തിന് മുമ്പ് നമുക്ക് പറ്റുന്ന രീതിയിലെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതൊന്നും പ്രശ്നമില്ലെന്നും പെണ്‍കുട്ടിയാണ് വലുതെന്നുമാണ് ഭര്‍ത്താവും വീട്ടുകാരും പറഞ്ഞത്.
കല്യാണം കഴിഞ്ഞശേഷം ഫോണ്‍ അധികം ഉപയോഗിക്കാൻ തന്നിരുന്നില്ല. വിരുന്നുസല്‍ക്കാരത്തിന് തന്‍റെ വീട്ടുകാര്‍ വന്നപ്പോള്‍ താഴേക്ക് ഇറങ്ങിചെല്ലാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താൻ. തന്നെകണ്ടിട്ട് വീട്ടുകാര്‍ കാര്യം ചോദിച്ചു. ബാത്ത് റൂമില്‍ വീണ് പരിക്ക് പറ്റിയതാണെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നി വീണ്ടും ചോദിച്ചപ്പോഴാണ് മര്‍ദനമേറ്റ കാര്യം പറഞ്ഞത്. പിന്നീട് തന്‍റെ വീട്ടുകാര്‍ക്കൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം നേരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, കേബിള്‍ കുരുക്കി കൊല്ലാൻ ശ്രമിച്ചത് പൊലീസ് എഫ്ഐആറില്‍ വന്നിട്ടില്ല. ഞങ്ങള്‍ പൊലീസില്‍ എത്തുന്നതിന് മുമ്പ് അവിടെ രാഹുലും സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെ ചെന്നപ്പോള്‍ പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അതിനാല്‍ തന്നെ പന്തീരാങ്കാവ് പൊലീസില്‍ നിന്ന് അനുകൂല സമീപനമായിരുന്നില്ല. കൊല്ലുമെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്നും വധശ്രമത്തിന് കേസെടുക്കണമെന്നും യുവതി പറഞ്ഞു.
Post a Comment