ഇന്നും അതിതീവ്ര മഴ; 3 ജില്ലകളിൽ റെ‍ഡ് അലർട്ട്; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിനോദ സഞ്ചാരത്തിനും വിലക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്‌ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ‍് അലർ‌ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.

സംസ്ഥാനമൊട്ടാകെ ജാ​ഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതി തീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമൺ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങൾക്കായി രാത്രി യാത്ര ചെയ്യേണ്ടവർ പോലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

0/Post a Comment/Comments