തിരുവനന്തപുരം : സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണൽ കമ്മിറ്റി എല്ലാ സ്‌കൂളുകളിലും രൂപവത്കരിച്ചെന്ന് ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷൻ. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഇക്കാര്യം ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കമ്മീഷൻ ശിപാർശ നൽകി.
ഇന്റേണൽ കമ്മിറ്റി കൃത്യമായി യോഗം ചേരുന്നുണ്ടെന്ന് നിരീക്ഷിക്കാൻ ജില്ലാതലത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം. പല വിദ്യാലയങ്ങളിലും പോഷ് ആക്ട് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം രൂപവത്കരിച്ചിട്ടില്ലെന്നാണ് അധ്യാപികമാർ കമ്മീഷന് നൽകുന്ന പരാതികളിൽ നിന്ന് വ്യക്തമാകുന്നത്. രൂപവത്കരിച്ചിട്ടുള്ളിടത്തു തന്നെ ഇന്റേണൽ കമ്മിറ്റി കൃത്യമായി യോഗം ചേരുകയോ, പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. കമ്മിറ്റി രൂപവത്കരിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനം സർക്കാർ മാർഗനിർദേശം പാലിച്ചായിരിക്കണമെന്നും എല്ലാ സ്‌കൂളുകൾക്കും നിർദേശം നൽകണം.
മാർഗനിർദേശങ്ങൾക്ക് വിധേയമായല്ല പല സ്‌കൂളുകളിലും പി ടി എ കമ്മിറ്റികളുടെ രൂപവത്കരണവും പ്രവർത്തനവും നടക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയെ ഓഫീസിലെത്തി സന്ദർശിച്ച കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും മന്ത്രിക്ക് ശിപാർശ കൈമാറി.
Post a Comment