തലശ്ശേരി-മാഹി ബൈപ്പാസ്: ഈസ്റ്റ് പള്ളൂരിൽ ഒരുങ്ങുന്നത് ഒൻപത് പെട്രോൾപമ്പുകൾ


മയ്യഴി : മുഴപ്പിലങ്ങാട്-അഴിയൂർ ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ സിഗ്നലിൽനിന്നുള്ള സർവീസ് റോഡുകളിൽ ഇരുഭാഗത്തുമായി ഒൻപത് പെട്രോൾപമ്പുകളാണ് പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നത്. മാഹിയുടെ ഭാഗമായ ഇവിടെ മൂന്ന് പെട്രോൾപമ്പുകളുടെ നിർമാണം ഇതിനകം തുടങ്ങിയിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ പണികൾ പകുതിയിലേറെയായി.ഒരെണ്ണം ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റേതും മറ്റേത് റിലയൻസ് ജിയോ ബി.പി.യുടേതുമാണ്. സർവീസ് റോഡുകളുടെ ഇരുഭാഗത്തുമായി ഒന്ന് വീതം ഇവ ജൂലായ് അവസാനത്തോടെ പ്രവർത്തനം തുടങ്ങും.

ബാക്കിയുള്ള ആറെണ്ണം അനുമതിയുടെ വിവിധ ഘട്ടങ്ങളിലാണ്. എട്ടോ ഒൻപതോ മാസം കൊണ്ടും ഇവയും പ്രവർത്തിച്ചുതുടങ്ങുമെന്നാണ് കരുതുന്നത്. നാല് പെട്രോൾപമ്പുകൾക്ക് കൂടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഇന്ധനം നിറയ്ക്കാൻ ദേശീയപാതയിലേക്ക് പോകേണ്ടതില്ലസർവീസ് റോഡിൽ പെട്രോൾപമ്പുകൾ തുറക്കുന്നതോടെ ഇന്ധനം നിറയ്ക്കാനായി വാഹനങ്ങൾക്ക് മാഹി ദേശീയപാതയിലേക്ക് പോകേണ്ടിവരില്ല. ബൈപ്പാസ് തുറന്നതോടെ മാഹിനഗരത്തിലെ ചില പെട്രോൾപമ്പുകളിൽ ഇന്ധനവില്പനയിൽ ചെറിയ കുറവ് വന്നപ്പോൾ പൂഴിത്തലയിലെയും പള്ളൂർ, പാറാലിലെയും ചില പമ്പുകളിൽ വില്പന വർധിച്ചിട്ടുണ്ട്. മാഹിമേഖലയിൽ ആകെ 17 പെട്രോൾപമ്പുകളാണുള്ളത്. ഇതിൽ മാഹിനഗരത്തിലെ ഒരെണ്ണം അടുത്തകാലത്ത് പൂട്ടിയിട്ടിട്ടുണ്ട്. മാഹി ദേശീയപാതയിൽ നിലവിൽ നാല് പമ്പുകളാണ് പ്രവർത്തിക്കുന്നത്. പന്തക്കൽ മൂലക്കടവ് പ്രദേശത്ത് അഞ്ച് പെട്രോൾപമ്പുകളുണ്ട്. ഒരു പമ്പുകൂടി കോപ്പാലം ഭാഗത്ത് ഉടനെ പ്രവർത്തനം തുടങ്ങും.
നിലവിൽ പെട്രോളിന് കേരളത്തെ അപേക്ഷിച്ച് 13.83 രൂപയുടെയും ഡീസലിന് 12.84 രൂപയുടെയും കുറവുണ്ട്. ഇപ്പോഴും ധാരാളം ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അഴിയൂരിൽനിന്ന് മാഹിയിലെത്തി ഡീസൽ നിറച്ച് പോകുന്നുണ്ട്. ബൈപ്പാസിൽനിന്ന്‌ മാഹിയിലെത്താനുള്ള മൂന്ന് സർവീസ് റോഡുകൾ വഴിയും മാഹിയിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വാഹനങ്ങൾ എത്തുന്നുണ്ട്.

മദ്യവില്പനയിലും കുറവ്

 മാഹിനഗരത്തിലേക്ക് വാഹനങ്ങൾ കുറഞ്ഞതോടെ മദ്യഷാപ്പുകളിലെ മദ്യവില്പനയിലും 20 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. പാറാൽ, പള്ളൂർ, പന്തക്കൽ മേഖലകളിൽ കുറവ് വന്നിട്ടില്ല. മാഹിമേഖലയിൽ ബാറുകളടക്കം ആകെ 60 മദ്യഷാപ്പുകളാണുള്ളത്.പുതിയ ബൈപ്പാസ് റോഡിൽനിന്നും മാഹിയിലെത്താനുള്ള മൂന്ന് റോഡുകളും ആളുകൾ പരിചയപ്പെടുന്നതോടെ കൂടുതൽ വാഹനങ്ങൾ മാഹിയിലെത്തുമെന്നാണ് കരുതുന്നത്.കൂടുതൽ വാഹനങ്ങൾ മാഹിയിലെത്തുന്നതോടെ മദ്യവില്പന ക്രമേണ വർധിച്ചേക്കാമെന്ന് മദ്യഷാപ്പുകളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു. അതുവരെ പുതുച്ചേരി സർക്കാരിന് ഇന്ധനവും മദ്യവും വില്പന കുറയുന്നതിനാലുള്ള നികുതിനഷ്ടം സഹിക്കേണ്ടിവരും. അതേസമയം മാഹിയിലെ ചില മദ്യഷാപ്പുകൾ സർവീസ് റോഡുകളിലേക്ക് മാറ്റിസ്ഥാപിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.

ഭൂമി ലഭിക്കാത്തതാണ് ഇതിന് തടസ്സമായി നിൽക്കുന്നത്. ഇവിടെ സ്ഥലമുടമകൾ ഭൂമിക്ക് വളരെ ഉയർന്ന വില ആവശ്യപ്പെടുന്നതിനാൽ ആവശ്യക്കാർ മടിച്ചുനിൽക്കുകയാണ്.

0/Post a Comment/Comments