മയ്യഴി : പൂഴിത്തലമുതൽ മാഹിപ്പാലംവരെയുള്ള ദേശീയപാത ടാർ ചെയ്യുന്നതിന്റെ ഭാഗമായി പ്രധാന റോഡിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം കാരണം യാത്രക്കാർ വലഞ്ഞു. പൂഴിത്തല അതിർത്തിയിൽ ഗതാഗതം തടസ്സപ്പെടുത്തിയതോടെ യാത്ര ദുരിതത്തിലായി.മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചതിനാൽ വടകര-തലശ്ശേരി ബസുകൾ പാലത്തിനിരുഭാഗത്തും നിർത്തിയിട്ട് യാത്രക്കാരെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്
ഒന്നരക്കിലോമീറ്റർ നടക്കണം ബസ് കിട്ടാൻ:
പൂഴിത്തലയിൽ ഗതാഗതം തടഞ്ഞതോടെ വടകരയിൽനിന്ന് തലശ്ശേരിയിലേക്ക് പോകേണ്ടവർ പൂഴിത്തലയിൽ ഇറങ്ങി മാഹിപ്പാലംവരെ ഏതാണ്ട് ഒന്നരക്കിലോമീറ്റർ നടക്കണം.വടകര ഭാഗത്തേക്ക് പോകേണ്ടവർ മാഹിപ്പാലം മുതൽ പൂഴിത്തലവരെയും നടക്കണം. ഏതാനും ബസുകൾ റെയിൽവേ സ്റ്റേഷൻ റോഡ് വഴി സർവീസ് നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം ബസുകളും പൂഴിത്തലവരെ വന്ന് തിരിച്ചുപോവുകയാണ്.
രാത്രിയിൽ പണി നടത്തി ഞായറാഴ്ചയോടെ ടാറിങ് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചത്. വേനൽമഴ കാരണം ടാറിങ് വൈകിയതോടെ പകലും നടത്തേണ്ടിവന്നു. ആശുപത്രിക്കവലമുതൽ പൂഴിത്തലവരെയുള്ള ഭാഗത്താണ് പണി നടക്കുന്നത്.
ടാറിങ് വൈകുമോ എന്ന് ആശങ്ക:
അറ്റകുറ്റപ്പണി 19-ന് പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കപ്പെടുമോയെന്ന് ഉറപ്പില്ല. വേനൽമഴ പെയ്തതോടെ പാലത്തിന് മുകളിലെ ടാറിങ് വൈകുമോ എന്നാണ് ആശങ്ക. അടുത്ത ദിവസങ്ങളിലും മഴയുടെ സാധ്യതയും നിലനിൽക്കുന്നു.അതേ സമയം കൊടുവള്ളിമുതൽ മാഹിപ്പാലംവരെ നടക്കുന്ന ടാറിങ്ങും നിർത്തിവെച്ചിരിക്കുകയാണ്. പുന്നോൽ പെട്ടിപ്പാലംമുതൽ മാഹിപ്പാലംവരെയുള്ള മൂന്നുകിലോമീറ്റർ ദേശീയപാതയാണ് ഇനി ടാർ ചെയ്യാനുള്ളത്.ന്യൂമാഹി ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷന്റെ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈനിന് റോഡരികിൽ കുഴിച്ചത് കാരണമാണ് ടാറിങ് നിർത്തിവെച്ചത്.
Post a Comment