ഹൈറിച്ച് തട്ടിപ്പ്; കെ.ഡി പ്രതാപന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി:

ഹൈറിച്ച് തട്ടിപ്പിൽ പ്രതി കെ.ഡി പ്രതാപന്റെ ജാമ്യാപേക്ഷ തള്ളി. കലൂർ പി.എം.എൽ.എ കോടതിയുടെതാണ് നടപടി. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു.

തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ഇ.ഡിയുടെ അറസ്റ്റ് എന്നാരോപിച്ചാണ് പ്രതാപൻ ജാമ്യാപേക്ഷ നൽകിയത്. ഇതിനെതിരെയാണ് ഇ.ഡി എതിർസത്യവാങ്മൂലം സമർപ്പിച്ചത്.

കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ച് തട്ടിപ്പ്. ഇത് കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ജാർഖണ്ഡടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ കെ.ഡി പ്രതാപന് ജാമ്യം അനുവദിച്ചാൽ സാക്ഷികളേയും പരാതിക്കാരെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

അതെ സമയം കണ്ണൂർ, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഉൾപ്പെടെയുള്ള ചില ലീഡർമാരും വിദേശത്തേക്ക് പണം കടത്തിയെന്ന വ്യക്തമായ സൂചന ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഗൾഫ്, ഓസ്ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ ഇവരുടെ മക്കൾ, ബന്ധുക്കൾ എന്നിവരുടെ അകൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.




0/Post a Comment/Comments