മാക്കൂട്ടത്ത് മരം വീണ് ഗതാഗതം മുടങ്ങി
മലയോര മേഖലകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവാതെ ജനജീവിതവും സുസ്സഹമായി
ഇരിട്ടി: ഇടവേളകൾ ഉണ്ടെങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റും കനത്ത മഴയും മൂലം ഇരിട്ടിയുടെ മലയോര മേഖലകളിൽ ജനജീവിതം ദുരിതപൂർണ്ണമായി മാറി. കാറ്റിൽ കടപുഴകിവീണ മരങ്ങൾ വൈദ്യുതി തൂണുകളും ലൈനുകളും തകർത്തതും ഇവ പൂർണ്ണതോതിൽ പുനസ്ഥാപിക്കാൻ കഴിയാഞ്ഞതും മൂലം പല മേഖലകളിലും ജനജീവിതം താറുമാറായി.
മാക്കൂട്ടത്ത് മരം വീണ് ഇരിട്ടി - കുടക് അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ചയും രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി. മലയോര മേഖലയിലെ ഗ്രാമീണമേഖലയിൽ വൈദ്യുതി ബന്ധങ്ങൾ ഭാഗികമായി മാത്രമെ പുനസ്ഥാപിക്കാനായുള്ളു. മേഖലയിൽ അഞ്ഞൂറോളം ഇടങ്ങളിലാണ് വൈദ്യുതി ലൈനിനുമുകളിൽ മരം വീണത്. മുണ്ടയാംപറമ്പ് നാട്ടേലിലും കേളൻ പീടികയിലും മരം വീണ് വീടിന്റെ മേൽക്കൂര ഭാഗകമായി തകർന്നു. ഇരിട്ടി പയഞ്ചേരി വികാസ് നഗരിൽ തൊഴുത്തിന് മുകളിൽ മരം വീണ് തൊഴുത്ത് തകർന്നു. കറവ പശുവിന് പരിക്കേറ്റു.
ഇരിട്ടി - കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം വെള്ളിയാഴ്ച്ച രാവിലെ 11മണിയോടെയാണ് മരം വീണത്. രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഇരിട്ടി അഗ്നി രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഇരിട്ടി വികാസ് നഗറിലെ വി. നളിനിയുടെ വീടിന്റെ തൊഴുത്താണ് വെള്ളിയാഴ്ച രാവിലെ മരം വീണ് തകർന്നത്. തൊഴുത്തിനുള്ളിൽ ഉണ്ടായിരുന്ന 15 ദിവസം മുൻപ് പ്രസവിച്ച പശുവിന്റെ കാല് പൊട്ടി ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. കിടാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ തൊഴുത്തിൽ മുകളിൽ വീണ മരം മുറിച്ചുനീക്കി. മുണ്ടായാം പറമ്പ് നാട്ടേലിലെ വെള്ളപ്പാട്ടേൽ സുനിൽകുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് കാറ്റിൽ പറന്നു പോയത്. കോളൻപീടികയിലെ കൊഴുക്കുന്നോൻ അനിതയുടെ വീടിന് മുകളിലും മരം വീണ് ഭാഗികമായി നാശം നേരിട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഇടക്കിടെയുണ്ടായ മിന്നൽ ചുഴലിയിലും മഴയിലും കെ എസ് ഇ ബി ഇരിട്ടി ഡിവിഷന് കീഴിൽ 70തോളം എച്ച് ടി തൂണുകളും 300ഓളം എൽ ടി തൂണുകളും നിലം പൊത്തി. 600ഓളം ഇടങ്ങളിലാണ് ലൈനുകൾ മുറിഞ്ഞു വീണത്. അഞ്ഞൂറോളം ഇടങ്ങളിലാണ് മരങ്ങൾ വീണും നാശം ഉണ്ടായത്. മലയോര മേഖലയിലെ പലമേഖലകളിലും മൂന്ന് ദിവസത്തോളമായി വൈദ്യുതി ബന്ധം താറുമാറായിക്കിടക്കുകയാണ്. പലയിടങ്ങളിലും ഭാഗികമായി മാത്രമാണ് പുനഃസ്ഥാപിക്കപ്പെട്ടത്. ഇരിട്ടി, മട്ടന്നൂർ, കേളകം, പേരാവൂർ, ഇരിക്കൂർ സെക്ഷനുകളിലായി മൂന്നിൽ രണ്ട് ഭാഗങ്ങിൽ മാത്രമെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കനായുള്ളു. രാപ്പകലില്ലാതെ ഓടിത്തളരുകയാണ് അഗ്നിരക്ഷാസേനയും വൈദ്യുതി വകുപ്പും.
ഇരിട്ടി താലൂക്കിൽ 2 ദിവസം കൊണ്ട് 121 വീടുകൾ തകർന്നു
ഈ കാലവർഷത്തിൽ ഏഴ് വീടുകൾ പൂർണ്ണമായും 191 വീടുകൾ ഭാഗികമായും നശിച്ചു
ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി താലൂക്കിൽ 2 ദിവസത്തെ കാറ്റിലും മഴയിലും 3 വീടുകൾ പൂർണമായും 118 വീടുകൾ ഭാഗികമായും തകർന്നു. താലൂക്കിലെ 18 വില്ലേജുകളിലായാണ് ഇത്രയും വീടുകൾ തകർന്നത്. നുച്യാട് - 16, വെള്ളാർവള്ളി - 3, കീഴൂർ - 1, കൊട്ടിയൂർ - 3, പായം - 1, കല്യാട് - 7, വയത്തൂർ - 10, പഴശ്ശി - 4, കോളാരി - 10, തില്ലങ്കേരി - 7. മുഴക്കുന്ന് - 5, കണിച്ചാർ - 7, മണത്തണ - 19, ചാവശ്ശേരി - 3, ആറളം - 9, വിളമന - 3, കരിക്കോട്ടക്കരി - 2, കേളകം - 8 എന്നിങ്ങനെയാണ് വില്ലേജ് തിരിച്ചു വീടുകൾ തകർന്ന കണക്ക്. കാലവർഷം ആരംഭിച്ച ശേഷം താലൂക്കിൽ ആകെ 7 വീടുകൾ പൂർണമായും 191 വീടുകൾ ഭാഗികമായും നശിച്ചു.
Post a Comment