തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതും, റായലസീമ മുതൽ കോമറിൻ മേഖല വരെ 900 m ഉയരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ വീണ്ടും ശക്തമാകാൻ കാരണം. നാളെ വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ഒഴികെ ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Post a Comment