ലൈഫ് മിഷന്‍: 22,500 വീടുകൂടി, 350 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു


തിരുവനന്തപുരം: ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണത്തിന് 350 കോടി രൂപ കൂടി നല്‍കിയതായി മന്ത്രി എം ബി രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22,500 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം തിങ്കള്‍മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 1,06,304 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കേരള റൂറല്‍- അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് ഹഡ്കോ വഴി വായ്പ ലൈഫ് മിഷന് കൈമാറുന്നത്. 2022ല്‍ ലൈഫ് ഗുണഭോക്താക്കള്‍ക്കായി 1448.34 കോടി രൂപ വായ്പയെടുക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ആയിരം കോടിരൂപയുടെ ഗ്യാരന്റി സര്‍ക്കാര്‍ നല്‍കി. ഈ തുക 69,217 ഗുണഭോക്താക്കള്‍ക്ക് നേരത്തെ കൈമാറി. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നല്‍കി. ബാക്കിയുള്ള 448.34 കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയതോടെയാണ് ഇപ്പോള്‍ തുക അനുവദിച്ചത്.

നഗരസഭകള്‍ക്കായി 217 കോടി രൂപകൂടി നല്‍കാനുള്ള പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതവും നല്‍കും. ഹഡ്‌കോ വായ്പയ്ക്ക് സര്‍ക്കാരാണ് ഗ്യാരന്റി നല്‍കുന്നത്. വായ്പയുടെ പലിശ പൂര്‍ണമായി സര്‍ക്കാരാണ് വഹിക്കുന്നത്.





0/Post a Comment/Comments