തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാര്‍ക്കെതിരായ ആക്രമണം തടയാന്‍ കേന്ദ്ര നിയമം വേണം, ആശുപത്രിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.
അതിനിടെ സൂചനാ പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും ആശുപത്രി അതിക്രമത്തിലും പ്രതിഷേധിച്ചാണു സമരം.
അത്യാഹിത അടിയന്തര സേവനങ്ങള്‍ക്കു മുടക്കമുണ്ടാകില്ല. എന്നാല്‍ ഒപികളും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പണിമുടക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്‌കരിച്ചുമായിരിക്കും സമരം. സമരത്തില്‍ നിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച കരിദിമായി ആചരിക്കാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
Post a Comment