ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ


കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുമുണ്ടാകും.

വിമാനത്താവളത്തിൽ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ​ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദർശിക്കും. ​ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും. ​

ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേൾഡ് വിഷൻ ന്യൂസ്. ദുരന്തത്തെ എൽ 3 കാറ്റ​ഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. പുനർ നിർമാണങ്ങൾക്കായി 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

അതിനിടെ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനാൽ വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ അതിനാൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.






0/Post a Comment/Comments