കെട്ടിടനിര്‍മാണം: ചരിവുള്ള മലമ്പ്രദേശങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു



കൊച്ചി: കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളില്‍നിന്ന് കെട്ടിടനിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞു. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടത്തില്‍കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

 കുത്തനെ ചരിവുള്ള മലമ്പ്രദേശങ്ങളില്‍നിന്നു മണ്ണെടുക്കുന്നതു നിര്‍ത്താന്‍ നിര്‍ദേശം നല്‍കി ജിയോളജി ഡയറക്ടര്‍ ഉത്തരവിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെയാണു മണ്ണെടുക്കുന്നത് തടഞ്ഞത്. സര്‍ക്കാരില്‍നിന്നു കോടതി വിശദീകരണം തേടി.

കെട്ടിട നിര്‍മാണ അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ ജിയോ ടെക്‌നിക്കല്‍ അന്വേഷണ സര്‍വീസ് നല്‍കുന്ന, അറിയപ്പെടുന്ന ഏതെങ്കിലും ഏജന്‍സിയുടെ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ചട്ടത്തിലെ ഭേദഗതി ചോദ്യം ചെയ്തു തിരുവനന്തപുരം സ്വദേശി എസ് ഉണ്ണിക്കൃഷ്ണനാണു ഹര്‍ജി നല്‍കിയത്.

സ്വകാര്യ കമ്പനികള്‍ക്ക് വിവേചനമില്ലാത്ത അധികാരം നല്‍കുന്നതാണ് നടപടിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഇത്തരം പ്രദേശങ്ങളില്‍ ബില്‍ഡിങ് പെര്‍മിറ്റ് ലഭിക്കാനുള്ള വ്യവസ്ഥയായി ഐഐടി അല്ലെങ്കില്‍ സമാനമായ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് പോലെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഭേദഗതിയുടെ ഭരണഘടനാ സാധുതയാണു ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.

മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാണെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രദേശത്തു നടത്താവുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭൂമിക്ക് എത്രമാത്രം താങ്ങാനാവും എന്നതിനെക്കുറിച്ചുമുള്ള ഒരു പഠനവും നടത്താതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരു ചെറിയ കുലുക്കമുണ്ടായാല്‍ ചീട്ടുകൊട്ടാരംപോലെ എല്ലാം തകര്‍ന്നു വീഴുമെന്ന സ്ഥിതിയാണെന്നും കോടതി പറഞ്ഞു.






0/Post a Comment/Comments