പരീക്ഷാരീതി പൊളിച്ചെഴുതണം; ദിനങ്ങൾ കുറക്കണം;ഖാദർ കമ്മിറ്റി റിപ്പോർട്ട്


തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള പരീക്ഷരീതി പൊളിച്ചെഴുതണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. എല്ലാത്തരം മൂല്യനിർണയ പ്രവർത്തനങ്ങളെയും തുടർച്ചയായി നടക്കുന്ന വിലയിരുത്തലുകളാക്കി മാറ്റണം. നിലവിലെ എഴുത്തുപരീക്ഷകൾക്ക് കാലോചിത മാറ്റമുണ്ടാകണം. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഉൾപ്പെടെയുള്ളവയുടെ പരീക്ഷാദിനങ്ങൾ കുറക്കണം.

അക്കാദമിക തലത്തോടൊപ്പം വൈകാരിക-സാമൂഹികതലങ്ങളും വിലയിരുത്തലിന്‍റെ ഭാഗമാക്കണം. വിലയിരുത്തൽ നടത്തേണ്ടത് കുട്ടിയുടെ ശക്തി കണ്ടെത്താനും എന്തെല്ലാം ആർജിച്ചെന്ന് അറിയാനുമാകണം. വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കുട്ടികളെ താരതമ്യം ചെയ്യരുത്. എഴുത്തുപരീക്ഷ മാത്രമായി വിലയിരുത്തൽ പരിമിതപ്പെടുത്തരുത്. പ്രോജക്ട് പ്രവർത്തനം, അസൈൻമെന്‍റ്, സംഘപ്രവർത്തനം, ഗ്രൂപ് ചർച്ച, സംവാദം തുടങ്ങിയവയും വിലയിരുത്തലിന്‍റെ ഭാഗമാകണം.

*ഗ്രേസ് മാർക്കിലൂടെ നേട്ടം 79 ശതമാനമായി കുറക്കണം:*

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഗ്രേസ് മാർക്കിന്‍റെ സഹായത്താൽ ഒരു വിഷയത്തിൽ നേടാവുന്ന പരമാവധി സ്കോർ 79 ശതമാനമാക്കി നിജപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. നിലവിൽ എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്കിന്‍റെ പിൻബലത്തിൽ 90 ശതമാനത്തിൽ നിജപ്പെടുത്തി എ പ്ലസ് ഗ്രേഡ് നേടാം. ഹയർ സെക്കൻഡറിയിൽ എ പ്ലസ് ഗ്രേഡും 100 സ്കോറും ഗ്രേസ്  മാർക്കിന്‍റെ പിൻബലത്തിൽ നേടാനാവും. ഇങ്ങനെ 90ഉം 100ഉം ശതമാനവും സ്കോറും എ പ്ലസ് ഗ്രേഡും നേടുന്നത് കൗമാരക്കാരായ കുട്ടികളിൽ മനഃശാസ്ത്രപരമായി ശരിയായ സന്ദേശമല്ല നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.


0/Post a Comment/Comments