കണ്ണൂർ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കുന്നത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു.
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ: കെ.സുദീപ് ന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ആശുപത്രിയിൽ ഒരുക്കേണ്ട സംവിധാനങ്ങളെ കുറിച്ചും , ദുരന്തമുഖത്ത് ഇടപെടേണ്ട മെഡിക്കൽ ടീം അംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിലയിരുത്തി.
വിവിധ ക്ലിനിക്കൽ വിഭാഗങ്ങളിലേയും , കമ്മ്യൂണിറ്റി മെഡിസിനിലേയും ഡോക്ടർമാർ , പി.ജി വിദ്യാർത്ഥികൾ , ഹൗസ് സർജൻമാർ , നഴ്‌സിംഗ് ജീവനക്കാർ , ഫാർമസി , ലാബ് ഉൾപ്പടെയുള്ള പാരാമെഡിക്കൽ ജീവനക്കാർ, തുടങ്ങിയവർ ഉൾക്കൊള്ളുന്ന മെഡിക്കൽ സംഘത്തെയാണ് ദുരന്തനിവാരണത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ സജ്ജമാക്കിയിട്ടുള്ളത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം വാർഡുകളും , ഐ.സി.യു സംവിധാനങ്ങളും , മരുന്നുകളും , ഉപകരണങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളിൽ ചികിത്സ ലഭിക്കേണ്ടവരുടെയും , ക്യാമ്പുകളിൽ ഉള്ളവരുടെയും , ശാരീരികവും , മാനസികവുമായ ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം എന്നിവ ഏകോപിപ്പിക്കാൻ മെഡിക്കൽ സംഘം നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു.
Post a Comment