കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയിലെത്തി നടന്‍ മോഹന്‍ലാല്‍. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ സൈന്യം സ്വീകരിച്ചു. സൈനിക യൂണിഫോമിലാണ് മോഹന്‍ലാല്‍ എത്തിയത്. കോഴിക്കോടു നിന്ന് റോഡു മാര്‍ഗമാണ് വയനാട്ടിലെത്തിയത്.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തിരുന്നു. മോഹന്‍ലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. 'വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടിഎ മദ്രാസിന്റെ പ്രയത്നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു.നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജയ്ഹിന്ദ്,'- ലാല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
Post a Comment