ഫ്യൂസ് ഊരരുത്​ സാർ, ഞങ്ങൾ സ്കൂളിൽ പോകുവാ...’; വേദനയോടെയാണ്​ ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറെന്ന് ലൈൻമാൻമാർ


 ​കുടിശ്ശികയായ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത്​ മീറ്ററിനടുത്ത്​ അപേക്ഷയും 500 രൂപയും. പണം അടച്ച്​ ലൈൻമാൻ വൈദ്യുതി തടയാതെ കുടുംബത്തെ സഹായിച്ചു. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി വൈദ്യുതി സെക്ഷന്‍റെ പരിധിയിലാണ്​ സംഭവം
ഓഫിസ്​ ഉത്തരവ്​ പ്രകാരം കുടിശ്ശികയുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാനിറങ്ങിയതായാണ്​ ലൈൻ മാൻ ബിനീഷ്​. ചെറുകോൽ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത്​ നിർധനരായ വീട്ടിലാണ്​ അപേക്ഷയും പണവും മീറ്ററിനടുത്തായി വെച്ചിരുന്നത്​. ‘‘സാർ, ഫ്യൂസ്​ ഊരരുത്​. ​ൈപസ ഇവിടെ വച്ചിട്ടുണ്ട്​. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ തൊട്ടടുത്ത്​ എഴുതിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഗൃഹനാഥനെ കിട്ടി.

രാവിലെ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ മക്കളാണ്​ അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്‍റെ കുടിശ്ശിക. സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളിൽ വൈദ്യുതി വിഛേദിക്കുന്ന വീടാണിത്​. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്​ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ്​ വൈദ്യുതി പുനഃസ്ഥാപിക്കുന്നത്​. വേദനയോടെയാണ്​ ഈ വീട്ടിലെ വൈദ്യുതി വിഛേദിക്കേണ്ടി വരുന്നതെന്ന്​ കോഴഞ്ചേരി സെക്ഷനിലെ ​ലൈൻമാൻമാർ പറയുന്നു.
തയ്യൽ കടയിലെ ജീവനക്കാരനാണ്​ പിതാവ്​. ഇദ്ദേഹത്തിന്‍റെ ഏഴാം ക്​ളാസിലും പ്ലസ്​ വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ്​ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ അപേക്ഷ എഴുതി മീറ്ററിന്​ സമീപം ഒട്ടിച്ചത്​. പല മാസങ്ങളിലും സ്കൂളിൽനിന്ന്​ തിരിച്ചെത്തുമ്പോൾ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത്​ കഴിയേണ്ടി വന്നതിനാലാണ്​ അ​പേക്ഷ എഴുതിയതെന്ന്​ കുട്ടികൾ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന്​ വർഷമായി കാണാനില്ല. തയ്യൽ കടയിൽ നിന്ന്​ അച്ഛന്​ കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ്​ ആഹാരവും മക്കളുടെ പഠനവും മുന്നോട്ട്​ പോകുന്നത്​.

രാവിലെ അച്ഛനും തങ്ങൾക്കും ഭക്ഷണം പാചകം ചെയ്തിട്ടാണ്​ മക്കൾ സ്​കൂളിലേക്ക്​ പോകുന്നത്​. ആഹാരത്തിനു ​പോലും ബുദ്ധിമുട്ടിയാണ്​ ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്​. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ്​ ഇവർ കഴിയുന്നത്​. വീട്ടിൽ​ കതകിന്​ പകരം തുണിയാണ്​ മറയായി​ ഉപയോഗിക്കുന്നത്​.

0/Post a Comment/Comments