ദുരിതാശ്വാസ നിധി സുതാര്യമല്ലെന്ന രീതിയില്‍ ചിലർ വലിയ തോതിൽ കുപ്രചരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളെത്തുന്നത്. നിലവില്‍ ഫണ്ടിന്‍റെ ചുമതലക്കാരന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രവീന്ദ്രകുമാര്‍ അഗര്‍വാളാണ്.
ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനകള്‍ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂള്‍ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്ക് ട്രാന്‍സ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുന്നത്. ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ സുഗമമായ നടത്തിപ്പിനാണ് പൂള്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല.
റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്ട്രേഷന്‍ നിര്‍വഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നര്‍ത്ഥം. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം മാത്രമാണ് സാധിക്കുന്നത്.
കളക്ടര്‍ക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിശ്ചിതമായ തുകകളാണ്. അതിനും മുകളിലുള്ളതിന് മന്ത്രിസഭയ്ക്കാണ് അധികാരം.
ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണ്. കൺട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറല്‍ ഓഫീസിന്‍റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രില്‍ ഒന്ന് 2016 മുതല്‍ 31 ആഗസ്ത് 2019 വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കി. ക്രമക്കേടുകള്‍ ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോര്‍ട്ട് നല്‍കിയതാണ്.
ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനേകം പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചവരാണ് കേരള ജനതയെന്നും സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നാട് മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment