ചെങ്കൽ പണിയിൽ വെള്ളക്കെട്ട് ഭീതിയോടെ പ്രദേശവാസികൾ

ഇരിട്ടി:   പ്രദേശ വാസികളിൽ ഭീതിയുണർത്തി വെള്ളം കെട്ടി നിൽക്കുന്ന കല്ലുവെട്ട്‌ ഉപേക്ഷിച്ച ചെങ്കൽ പണകൾ.  പായം പഞ്ചായത്തിലെ കോളിക്കടവ് നാരായണി തട്ടിലുള്ള ചെങ്കൽ പണകളാണ്  പ്രദേശവാസികൾക്ക് അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.  സ്വകാര്യ വ്യക്തിയുടെയും സ്വകാര്യ കോളേജിന്റെയും അധീനതയുള്ള സ്ഥലമാണ് ഇവിടം. ഈ ഉയർന്ന കുന്നിൻ പ്രദേശത്തെ  ഏക്കർ കണക്കിന് സ്ഥലത്താണ് ഉപേക്ഷിക്കപ്പെട്ട  ചെങ്കൽ പണകളുള്ളത് .  കനത്ത മഴയിൽ  പലയിടങ്ങളിലും കുന്നുകൾ ഇടിഞ്ഞ് അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ  താഴ്വാരത്തുള്ള ചെന്നലോട്, വട്ടിയറ, നുച്യാട് കുന്ന്, കോളിക്കടവ് മേഖലയിലെ താമസക്കാർ ഏറെ ഭയത്തോടെയാണ് കഴിയുന്നത്. ഇതിന്റെ  താഴ്വാര മേഖലയിലെ ജനവാസ മേഖലയിൽ പലയിടങ്ങളിലും വെള്ളം അതിശക്തമായി ഒഴുകിവരുന്നുണ്ടെന്നും പ്രദേശത്തുകാർ  പറയുന്നു. വിവിധയിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഈ പണകളിൽ  കൊണ്ടുവന്ന് തള്ളിയതോടെ പ്രദേശത്തെ ജലസ്രോതസ്സുകൾ ഉൾപ്പെടെ മലിനജലം ഒഴുകിയെത്തുന്നതായും പരാതിയുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് ഇവിടെയുള്ള ഉപയോഗശൂന്യമായ ചെങ്കൽ പണകൾ മൂടുവാനുള്ള സംവിധാനം ഒരുക്കി തരണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

0/Post a Comment/Comments