തലശ്ശേരി: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘം തിങ്കളാഴ്ച തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ മഴക്കെടുതി ബാധിത പ്രദേശങ്ങളും ക്വാറികളും സന്ദർശിച്ചു.
എ ഡി എം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ കെ എസ് ഡി എം എ ഹസാർഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് ജി എസ് പ്രദീപ്, സീനിയർ കൺസൽട്ടന്റ് ഡോ എച്ച് വിജിത്ത് എന്നിവരാണ് സന്ദർശനം നടത്തിയത്.
പഞ്ചായത്തിലെ വട്ടിപ്രം പ്രദേശത്തെ പ്രവർത്തന രഹിതമായ ക്വാറികൾ സന്ദർശിച്ചു. ക്വാറിയിൽ നിന്ന് അതിശക്തമായ വെള്ളം ഒഴുകിയതിനെ തുടർന്ന് നാശ നഷ്ടമുണ്ടായ വീടുകളിലെത്തി ഉടമകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
രാവിലെ എത്തിയ സംഘം മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ, പ്രദേശവാസികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച ചെയ്തു.
ഞായറാഴ്ചയാണ് സംഘം ജില്ലയിൽ എത്തിയത്. ആദ്യ ദിവസം തലശ്ശേരി താലൂക്കിലെ കോളയാട് ഗ്രാമപഞ്ചായത്ത്, ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡ്, കേളകം ഗ്രാമ പഞ്ചായത്തിലെ റോഡുകൾക്കും വീടുകൾക്കും വിള്ളൽ വീണ കൈലാസം പടി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
പരിശോധനയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ വിശദമായ റിപ്പോർട്ട് മൂന്ന് ആഴ്ചക്കകം ഡി ഡി എം എ ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചു.
ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ (ഡി ഡി എം എ) ആവശ്യപ്രകാരമാണ് വിദഗ്ധ സംഘം എത്തിയത്.
തിങ്കളാഴ്ച സംഘത്തിനൊപ്പം വട്ടിപ്രം വാർഡ് മെമ്പർ എം റോജ, തഹസിൽദാർ സി പി മണി, ഡെപ്യൂട്ടി തഹസിൽദാർമാർ സി വി അഖിലേഷ്, വി രാജേഷ്, വില്ലേജ് ഓഫീസർ സി രാജീവൻ,ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ, ഡി എം പ്ലാൻ കോ ഓർഡിനേറ്റർ തസ്ലീം ഫാസിൽ എന്നിവരും ഉണ്ടായിരുന്നു.
Post a Comment