കണ്ണൂർ : കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും വേണ്ട അവശ്യ വസ്തുക്കൾ ശേഖരിക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ സംഭരണ കേന്ദ്രം ഞായാറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറു മണി വരെ പ്രവർത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ജില്ലയിൽ മാങ്ങാട്ടിടം ,ചിറ്റാരിപറമ്പ്, മാലൂർ, കീഴല്ലൂർ, കേളകം, കണിച്ചാർ, കോളയാട്, തൃപ്രങ്ങോട്ടൂർ,
തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും മഴക്കെടുതി മൂലം നഷ്ടമായി. അതിനാൽ അവരെ സഹായിക്കുന്നതിനാണ് ഞായറാഴ്ച ജില്ലാ പഞ്ചായത്തിൽ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. കൂടാതെ മഴക്കെടുതി ബാധിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ
സഹായ കേന്ദ്രങ്ങളിലും അവശ്യ വസ്തുക്കൾ എത്തിച്ചു നൽകാം. വസ്ത്രങ്ങൾ, ഭക്ഷ്യ ധ്യാന്യങ്ങൾ, ഗ്യഹോപകരണങ്ങൾ മുതലായവ എത്തിച്ചു നല്കാം.
വയനാട്ടിലെ ദുരിതബാധിതർക്ക് വേണ്ടി ജില്ലാ പഞ്ചായത്തിലും കലക്ടറേറ്റിലും ആരംഭിച്ചിരുന്ന സംഭരണകേന്ദ്രങ്ങൾക്ക് ജനം വലിയ പിന്തുണയും സഹകരണവുമാണ് നൽകിയത്. വയനാട്ടിലെ ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിനനുസരിച്ച് അവശ്യ വസ്തുക്കൾ ജില്ലയിൽ നിന്ന് എത്തിച്ചു നൽകുന്നുണ്ട്.അവശ്യ വസ്തുക്കൾ അടങ്ങിയ 12 വാഹനങ്ങൾ വയനാട്ടിലേക്കും ഒരു വാഹനം മഴക്കെടുതി ബാധിച്ച കോഴിക്കോട് ജില്ലയിലെ തൂണേരി ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിന് അയക്കാൻ സാധിച്ചു. ഇതിന് സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Post a Comment