തൊടുപുഴ:ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. 2020 ഓഗസ്റ്റ് ആറിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ എഴുപത് പേർ മരിച്ചതായാണ് കണക്ക്. നാല് ലയങ്ങൾ തച്ചുടച്ച് മല വെള്ളം ആർത്തലച്ചെത്തി. 19 ദിവസത്തെ തിരച്ചിലിൽ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങൾ. നാല് പേർ ഇന്നും കാണാമറയത്താണ്. പുത്തുമല ദുരന്തമുണ്ടായി ഒരുവർഷം തികയുമ്പോഴായിരുന്നു പെട്ടിമുടി ഉരുൾപൊട്ടലുണ്ടായത്.
പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ് അപകടത്തിൽപ്പെട്ടത്. 12 പേരെ രക്ഷപ്പെടുത്തി. ഉറക്കത്തിലായതിനാൽ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാനായില്ല. വൈദ്യുതിയും മൊബൈൽ സിഗ്നലുമില്ലാതിരുന്നതിനാൽ പിറ്റേന്ന് പുലർച്ചെയാണ് ദുരന്തം പുറംലോകമറിഞ്ഞത്. കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിന്റെ ഭാഗമാണ് പെട്ടിമുടി.
കമ്പനിയിലെ തൊഴിലാളികളാണ് അന്ന് ദുരന്തത്തിൽപ്പെട്ടത്. അപകട പ്രദേശത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെ കെഡിഎച്ച്പി കമ്പനിയുടെ രാജമല ഗ്രൗണ്ടിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. ദുരന്തത്തെ അതിജീവിച്ചവരെ കുറ്റിയാർ വാലിയിൽ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിച്ചു. മൃതദേഹങ്ങൾ സംസ്കരിച്ച കുഴിമാടങ്ങളിൽ നീറുന്ന ഓർമകളുമായി അവരുടെ ഉറ്റവർ വാർഷികദിനങ്ങളിലെത്തും.
Post a Comment