വിളക്കോട് പാറക്കണ്ടത്ത് മരുമകൻ ഭാര്യയേയും ഭാര്യ മാതാവിനേയും വെട്ടിക്കൊന്നു.

ഇരിട്ടി: മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവും ഭാര്യയും മരിച്ചു. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്  പാറക്കണ്ടം തൊണ്ടൻകുഴിയിൽ  ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55),  മകൾ സൽ‍മ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്.  
 അലീമയുടെ മകൾ സൽമയുടെ ഭർത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന്  മുഴക്കുന്ന് പോലീസ് പറഞ്ഞു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സൽമയുടെ മകൻ ഫഹദ് (12) നും പരിക്കേറ്റു. ഫഹദിനെ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.   അക്രമണത്തിനിടയിൽ പരിക്കേറ്റ ഷാഹുൽ ഹമീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ആദ്യം കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലും പിന്നീട് കോഴിക്കോടേക്കും മാറ്റി.  
ഷാഹുൽ ഹമീദ് രണ്ടു പേരെയും  അക്രമിക്കുന്ന  സമയത്ത്  സൽമയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിൻ്റ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ആക്രമണം കണ്ട് ഭയന്ന ഇവർ  റൂമിന്റെ വാതിൽ അടച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ  നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ  അലീമയേയും സൽമയേയും കാണുന്നത്. ഇവരാണ്  പോലീസിൽ വിവരം അറിയിക്കുന്നത്. ഇരുവരേയും പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
 കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും  ഹമീദ് മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചയോട ഓട്ടോറിക്ഷയിൽ ആയുധസഹിതം  എത്തിയ ഷാഹുൽ ഹമീദ് വഴക്കിനിടയിൽ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വീട്ടിലെ മുതിർന്നവർ എല്ലാം പള്ളിയിൽ പോയ സമയത്താണ് അക്രമം നടന്നത്.  ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം അറിഞ്ഞു  നിരവധി ആളുകളാണ് അലീമയുടെ വീട്ടിലെത്തിയത്. പി.എച്ച്. മുഹമ്മദാണ് അലിമയുടെ ഭർത്താവ്. ഷരീഫ്, സലിം, സലീന എന്നിവർ മറ്റ്മക്കളാണ്. സൽമയുടെ മക്കൾ: ഫഹദ്, ഫർഹാൻ നസ്രിയ.

0/Post a Comment/Comments