കുഴികൾ നിറഞ്ഞ മാക്കൂട്ടം ചുരം റോഡിൽ യാത്ര അതി കഠിനം


ഇരിട്ടി: കേരളത്തിന്റെ അതിർത്തിയായ കൂട്ടുപുഴ പാലത്തിൽ നിന്നും പെരുമ്പാടി വരെ നീളുന്ന 17 കിലോമീറ്ററോളം വരുന്ന ഈ അന്തർ  സം സ്ഥാന പാതയിൽ കുഴികൾ നിറഞ്ഞത് മൂലം യാത്ര ഏറെ ദുര്ഘടമായിരിക്കയാണ്.   
മഴക്കാലത്തിനു മുൻപ് ടാറിങ് ഇളകി ചെറിയ കുഴികൾ രൂപപ്പെട്ടിട്ടിരുന്നു. 

കാലവർഷം തുടങ്ങുന്നതിനു മുൻപ് കുഴിയടക്കുന്നതിൽ അധികൃതർ കാണിച്ച അനാസ്ഥയാണ്  ഇവ വലിയ കുഴികളായി മാറാൻ ഇടയാക്കിയിരിക്കുന്നത്. 
ചരക്കു വാഹനങ്ങളും യാത്രാവാഹനങ്ങളുമടക്കം നൂറുകണക്കിന് വാഹനങ്ങളാണ് രാപ്പകലില്ലാതെ ഈ പാതവഴി കടന്ന്  പോകുന്നത്. എല്ലാതരം വാഹനങ്ങൾക്കും ഇതുവഴിയുള്ള യാത്ര ദുര്ഘടമാകുന്നുണ്ടെങ്കിലും ഏറെയും ചരക്കു വാഹനങ്ങളെയാണ് ഇത് ബാധിക്കുന്നത്. 

കുത്തനെയുള്ള ഇറക്കവും കയറ്റവും നിറഞ്ഞ വൈദ്യുതി ബന്ധമില്ലാത്ത കർണ്ണാടക സംസ്ഥാന പാത 91ന്റെ ഭാഗമായ റോഡിൽ  കുഴികളിൽ വീഴുന്ന ചരക്കു വാഹനങ്ങൾ മറിഞ്ഞു വീഴുന്നത് നിത്യ സംഭവമാണ്. മഴക്ക് മുൻപ് വീരാജ്‌പേട്ട മുതൽ പെരുമ്പാടി വരെയുളള ഭാഗം ടാറിങ് നടത്തി  നവീകരിച്ചെങ്കിലും ചുരം റോഡിനെ അധികൃതർ  അവഗണിക്കുകയായിരുന്നു. 

അഞ്ചു വര്ഷത്തിലേറെക്കാലം പൂർണ്ണമായും തകർന്നു കിടന്ന റോഡ് ഒരു പതിറ്റാണ്ടിന് മുൻപ് വാഹന ഗതാഗതം പൂർണ്ണമായും നിർത്തി രണ്ടു വർഷത്തോളം കാലം അടച്ചിട്ടാണ് നവീകരിച്ചത്. ഇതിനു ശേഷവും രണ്ടു തവണ കനത്ത മഴയിൽ പാത തകരുകയും മാസങ്ങളോളം അടച്ചിടുകയും  ചെയ്തിരുന്നു. ഇതിനുശേഷം പൂര്ണതോതിലുള്ള നവീകരണം ഈ റോഡിൽ നടന്നിരുന്നില്ല.   

നടക്കാതെ പോയ ദേശീയപാതാ  പദ്ധതി 
കഴിഞ്ഞ ബി ജെ പി  സർക്കാരിന്റെ കാലത്ത് കർണ്ണാടകത്തിലെ ഹാസൻജില്ലയിലെ ചന്നരായപ്പട്ടണത്തുനിന്നും തുടങ്ങി ഹോൾനരസിപ്പൂർ - അർക്കൽഗുഡ് - കൊഡ്‌ളിപേട്ട - മടിക്കേരി - വീരാജ്പേട്ട  വഴി കേരളാ - കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കാൻ തത്വത്തിൽ തീരുമാനം എടുത്തിരുന്നു.  

അന്നത്തെ മൈസൂർ - കുടക് എം പി പ്രതാപ് സിംഹക്ക്  കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രി നിതിൻഗഡ്കരി  ഇതുസംബന്ധിച്ച ഉറപ്പു നൽകുകയും ചെയ്തിരുന്നു. .
2018 നവംബറിൽ കർണ്ണാടകത്തിലെ ഹാസൻ - കുടക് ജില്ലകൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് എം പി പ്രതാപ് സിംഹയും വീരാജ്പേട്ട എം എൽ എ കെ.ജി.  ബൊപ്പയ്യയും  നിവേദനം നൽകിയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.  

ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പാതയെ ദേശീയപാതയാക്കാനുള്ള നടപടി തത്വത്തിൽ അംഗീകരിച്ചിരുന്നത് . ഇതു സംബന്ധിച്ച് വിശദമായ പദ്ധതിരേഖയും റിപ്പോർട്ടും കേന്ദ്ര മന്ത്രിക്ക് കൈമാറുകയും ചെയ്തു.  
ഹാസൻ ജില്ലയിലെ ചന്നരായപ്പട്ടണത്തുനിന്നും തുടങ്ങി കേരള - കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന ദേശീയ പാതയുടെ നീളം 183 കിലോമീറ്റർ വരും . 1600 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കിയിരുന്നത്. 

കർണ്ണാടകത്തിനൊപ്പം കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയായിരുന്നു  ഇത്.  ഇരു സംസ്ഥാനങ്ങളിലെയും ടൂറിസം പദ്ധതികൾക്ക് കൂടാതെ ഈ പാതയിൽ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഈ പാത യാഥാർഥ്യമാകുന്നതോടെ പരിഹാരമാവുകയും ചെയ്യുമായിരുന്നു . നടക്കാതെ പോയ ഈ പദ്ധതി ഇന്നും കടലാസ്സിൽ ഒതുങ്ങിക്കിടക്കുകയാണ്.




0/Post a Comment/Comments