തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. പുതിയതായി 370 ഡീസല്‍ ബസ്സുകള്‍കൂടി വാങ്ങും. 220 മിനി ബസുകളും 150 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുമടക്കമാണിത്.
ഫണ്ട് ലഭ്യമായാല്‍ ഉടൻ ബസ്സുകള്‍ നിരത്തിലിറങ്ങുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. 30 ബസുകള്‍വരെ കടമായിനല്‍കാമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. യാത്രയ്ക്ക് ഏറ്റവുംകൂടുതല്‍ ആവശ്യമുള്ള ബസുകളാണ് ഫാസ്റ്റും, സൂപ്പർഫാസ്റ്റുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗ്രാമീണറൂട്ടുകളിലാണ് 40-42 സീറ്റുകളുള്ള മിനി ബസ്സുകള്‍ ഉപയോഗിക്കുക. കെ.എസ്.ആർ.ടി.സി. പുതിയതായി നിരത്തിലിറക്കിയ എ.സി. സൂപ്പർ ഫാസ്റ്റുകള്‍ക്ക് മികച്ചവരുമാനം ലഭിക്കുന്നുണ്ട്. ഈ ക്ലാസില്‍ കൂടുതല്‍ സർവീസുകള്‍ നിരത്തിലിറക്കും. ഇതിനുപുറമേ 30 എ.സി. സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളും വാങ്ങും. സംസ്ഥാനത്താകെ വരുമാനമില്ലാത്ത നാലു ലക്ഷം കിലോമീറ്ററുകളിലെ ഓട്ടം കുറച്ചിട്ടുണ്ട്. ഇത്തരത്തില്‍ 50,000 കിലോമീറ്റർകൂടി കുറയ്ക്കും.
ഒൻപതുകോടിയാണ് ദിവസവരുമാനമായി ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനകം എട്ടുകോടി പിന്നിട്ടു. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കൊട്ടാരക്കരയിലേക്കും കോഴിക്കോട്ടേക്കും പുതിയ സർവീസുകള്‍ ആരംഭിക്കും -മന്ത്രി പറഞ്ഞു. ശബരിമല തീർഥാടനത്തിന് മതിയായ സർവീസുകള്‍ സജ്ജമാക്കും. പുതിയ ബസുകളില്ലെന്നത് യാഥാർഥ്യമാണ്. സിറ്റി പെർമിറ്റ് ഇ-ഓട്ടോറിക്ഷകള്‍ക്ക് മാറിനല്‍കും.
Post a Comment