കോഴിക്കോട്: മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡ് നഷ്ടമായത് 2,57,222 കുടുംബങ്ങൾക്ക്. മുൻഗണനാ കാർഡിന് അർഹരല്ലാത്തതിനാൽ 66 ശതമാനം പേരും സ്വമേധയാ പൊതു വിഭാഗത്തിലേക്ക് മാറി.
ഈ സർക്കാർ അധികാരമേറ്റശേഷം ഇപ്രകാരം 1,70,576 കുടുംബങ്ങളാണ് സ്വമേധയാ മുൻഗണനാ കാർഡുകൾ സറണ്ടർ ചെയ്തത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അനർഹരെന്ന് കണ്ടെത്തി 76,179 കാർഡുകളും ഒഴിവാക്കി. 10,467 കാർഡുകൾ പരാതിയുടെ അടിസ്ഥാനത്തിലും പൊതുവിഭാഗത്തിലേക്ക് മാറ്റി.
കാസർകോട് ജില്ലയിലാണ് കൂടുതൽ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് നഷ്ടമായത്. അവിടെ 77,807 കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതിൽ 60,572 കാർഡുടമകളും സ്വയംമാറുകയായിരുന്നു. 14,150 കാർഡുകൾ പരിശേധനയിലും കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ 3,085 കാർഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റി.മലപ്പുറം (31,978), പാലക്കാട് (18,367) ജില്ലകളാണ് തൊട്ടുപിന്നിൽ. മലപ്പുറത്ത് 23,841 കാർഡുകളും പാലക്കാട് 11,820 കാർഡുകളും സ്വമേധയാ സറണ്ടർ ചെയ്തു. പത്തനംതിട്ടയിൽ 6,347 കുടുംബങ്ങൾക്ക് മാത്രമാണ് മുൻഗണനാ കാർഡ് നഷ്ടമായത്.
1000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, ടാക്സി ഒഴികെയുള്ള നാലുചക്രവാഹനം എന്നിവയുള്ളവരാണ് മുൻഗണന റേഷൻ കാർഡിന് അർഹരല്ലാത്തത്.
കേരളത്തിൽ 1.54 കോടി അംഗങ്ങൾക്കാണ് കേന്ദ്ര സർക്കാർ മുൻഗണനാ പട്ടികയിൽ ഇടം അനുവദിച്ചത്. 2011 -ലെ സെൻസസ് പ്രകാരമാണ് ഈ ഒഴിവുകൾ നിശ്ചയിച്ചത്. അതിനു ശേഷമുണ്ടായ ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി മുൻഗണനാപരിധി കേന്ദ്രം കൂട്ടിയിട്ടില്ല. ഇതുകാരണം അർഹരായ നിരവധി കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് കിട്ടുന്നില്ല. പട്ടികയിലുള്ളവർ പുറത്താകുമ്പോൾ മാത്രമാണ് ഇവർക്ക് ഇടം നൽകുന്നത്.
Post a Comment